

വര്‍ക്കല: അതിമാരക ലഹരിവസ്തുക്കളുമായി വര്‍ക്കല വെട്ടൂര്‍ സ്വദേശി അറസ്റ്റില്‍. വെട്ടൂര്‍ റാത്തിക്കല്‍ മൗണ്ട് മുക്ക് താന്നിവിള വീട്ടില്‍ നവാസിന്റെ മകന്‍ മുന്ന എന്നുവിളിക്കുന്ന മുഹമ്മദ് നൗഫൽ(27) നെയാണ് കല്ലമ്പലം പോലീസ് അറസ്റ്റ് ചെയ്തത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ന് രാവിലെ 8.30 ഓടെയാണ് പ്രതിയെ മൂങ്ങോട് വാഴപ്പണ പാലത്തിന് സമീപത്തുനിന്ന് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. പ്രതിയുടെ പക്കല്‍നിന്നും അതിമാരക ലഹരി വസ്തുവായ എം.ഡി.എം.എയും ഒപ്പം കഞ്ചാവും പോലീസ് കണ്ടെടുത്തു.

ജീപ്പില്‍ കറങ്ങി ആവശ്യക്കാര്‍ക്ക് ലഹരി മരുന്ന് വില്‍ക്കുക എന്നതായിരുന്നു പ്രതിയുടെ കച്ചവടരീതി. പോലീസിനെ കണ്ടതോടെ ജീപ്പിന്റെ ഡ്രൈവിംഗ് സീറ്റില്‍ നിന്ന് ഇറങ്ങി ഓടിയ പ്രതിയെ പോലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ചെറിയ പ്ലാസ്റ്റിക് കവറിനുള്ളിലാണ് പ്രതി എം.ഡി.എം.എ സൂക്ഷിച്ചിരുന്നത്. വാഹനം പരിശോധനയ്ക്ക് വിധേയമാക്കിയതോടെ പിന്‍സീറ്റില്‍നിന്നും കഞ്ചാവും കണ്ടെടുത്തു. തുടര്‍ന്ന് പോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഉടന്‍തന്നെ പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്നാണ് ലഭിക്കുന്ന വിവരം.


