

പുതുപ്പള്ളി: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന്‍ ചരിത്ര വിജയം. 37,213 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ചാണ്ടി ഉമ്മന്‍ അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പകരക്കാരനായി നിയമസഭയിലേക്ക് എത്തുന്നത്. 2011ല്‍ ഉമ്മന്‍ ചാണ്ടി നേടിയ 33,255 വോട്ടിന്റെ ഭൂരിപക്ഷമാണ് 37,213 വോട്ടുകളുടെ ഭൂരിപക്ഷം നേടി ചാണ്ടി ഉമ്മന്‍ തിരുത്തിയത്. പുതുപ്പള്ളി മണ്ഡലത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പേരിലുണ്ടായിരുന്ന ഭൂരിപക്ഷ വോട്ടിന്റെ റെക്കോര്‍ഡ് തിരുത്തപ്പെട്ടു എന്നത് മാത്രമല്ല ഈ തെരഞ്ഞെടുപ്പിന്റെ പ്രത്യേകത.

പുതുപ്പള്ളി ഉപ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജെയ്ക് സി.തോമസിന് ഹാട്രിക് തോല്‍വിയായി. പുതുപ്പള്ളിയില്‍ നിന്ന് 2016ലെയും 2021ലെയും തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയോട് ജെയ്ക് പരാജയപ്പെട്ടിരുന്നു. അച്ഛനോടും മകനോടും മത്സരിച്ച് പരാജയപ്പെട്ട സ്ഥാനാര്‍ത്ഥിയുമായി ജെയ്ക്. രണ്ട് തവണയാണ് ജെയ്ക് ഉമ്മന്‍ ചാണ്ടിയോടെ മത്സരിച്ച് പരാജയപ്പെട്ടത്.

വോട്ടെണ്ണലിന്റെ മൂന്ന് ഘട്ടങ്ങള്‍ പിന്നിട്ടപ്പോള്‍തന്നെ യു.ഡി.എഫ് തരംഗമാണ് വരാനിരിക്കുന്നതെന്ന സൂചന ലഭിച്ചിരുന്നു. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും ഒരു ബൂത്തില്‍പോലും ചാണ്ടി ഉമ്മന്‍ വെല്ലുവിളി ഉയര്‍ത്താന്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജെയ്ക്.സി.തോമസിന് സാധിച്ചില്ല. അയര്‍ക്കുന്നം, അകലക്കുന്നം, മണ്ണാര്‍ക്കാട് പഞ്ചായത്തുകളില്‍ മൃഗീയ ഭൂരിപക്ഷമാണ് ചാണ്ടി ഉമ്മന്‍ ലഭിച്ചത്. ഇതില്‍ മണ്ണാര്‍ക്കാട് ജെയ്ക്കിന് വലിയ പ്രതീക്ഷയുള്ള പഞ്ചായത്തായിരുന്നു. കഴിഞ്ഞ തവണ ജെയ്ക്കിന് ലീഡ് നല്കിയ മണ്ണാര്‍ക്കാട് ഉള്‍പ്പെടെ എല്ലാ പഞ്ചായത്തുകളും ഇത്തവണ ചാണ്ടി ഉമ്മന്‍ പിന്തുണ നല്കി.

പുതുപ്പള്ളിയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി ലിജിന്‍ ലാല്‍ ചിത്രത്തില്‍ പോലുമില്ലാത്ത അവസ്ഥയായിരുന്നു. 7 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. ലൂക്ക് തോമസ് (എഎപി), പി.കെ.ദേവദാസ് (സ്വതന്ത്ര സ്ഥാനാര്‍ഥി), ഷാജി (സ്വതന്ത്ര സ്ഥാനാര്‍ഥി), സന്തോഷ് ജോസഫ് (സന്തോഷ് പുളിക്കല്‍ സ്വതന്ത്ര സ്ഥാനാര്‍ഥി) എന്നിവരാണ് മറ്റു സ്ഥാനാര്‍ഥികള്‍. 1970 മുതല്‍ 53 വര്‍ഷം പുതുപ്പള്ളിയെ പ്രതിനിധീകരിച്ചത് ഉമ്മന്‍ ചാണ്ടിയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കാലം എംഎല്‍എ ആയിരുന്ന റെക്കോര്‍ഡും അദ്ദേഹത്തിന്റെ പേരിലാണ്.
