Breaking News

വര്‍ക്കലയില്‍ ഞാറുനടീല്‍ ഉത്സവം നടന്നു

വര്‍ക്കല: വര്‍ക്കല കരുനിലക്കോട് പാടശേഖരത്തില്‍ ഞാറുനടീല്‍ ഉത്സവം നടന്നു. കേരള കര്‍ഷക സംഘം വര്‍ക്കല നോര്‍ത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് കരുനിലക്കോട് കാരമുക്ക് ജംഗ്ഷനില്‍ അജയകുമാര്‍ എന്ന കര്‍ഷകന്റെ തരിശായി കിടക്കുന്ന 300 സെന്റ് വയലില്‍ നെല്ല് കൃഷി ചെയ്യുന്നത്. ഞാറുനടീല്‍ ഉത്സവത്തിന്റെ ഉദ്ഘാടന കര്‍മ്മം കേരള കര്‍ഷക സംഘം ജില്ലാ സെക്രട്ടറി കെ.സി.വിക്രമന്‍ നിര്‍വഹിച്ചു. കാര്‍ഷിക മേഖലയെ കേന്ദ്ര സര്‍ക്കാര്‍ കടുത്ത അവഗണനയാണ് കേരളത്തോട് കാണിക്കുന്നതെന്ന് കെ.സി.വിക്രമന്‍ ആരോപിച്ചു. കാര്‍ഷിക മേഖലയിലെ കേന്ദ്ര വിഹിതം നല്‍കുന്ന കാര്യത്തില്‍ കേന്ദ്രം അലംഭാവം കാണിക്കുന്നു. അതേസമയം, കേരള സര്‍ക്കാര്‍ കേരളത്തില്‍ നെല്ലുല്‍പാദനം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയും അത്തരം ശ്രമങ്ങള്‍ക്ക് ശക്തമായ പിന്തുണയും നല്‍കുന്നുണ്ട്. കാര്‍ഷിക മേഖലയില്‍ മാത്രമല്ല കേരളത്തിന് കടമെടുക്കാനുള്ള പരിധി വെട്ടിക്കുറച്ചതിലൂടെ ക്ഷേമ പദ്ധതികളും വികസന പദ്ധതികളും മെല്ലെപ്പോകാന്‍ കാരണമാകുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

ഭൂപരിഷ്‌ക്കരണ നിയമം സംസ്ഥാനത്ത് പ്രാബല്യത്തില്‍ വന്നതോടെ കൃഷിഭൂമിയുടെ വിസ്തൃതി കുറഞ്ഞത് കേരളത്തിലെ നെല്ലുല്‍പാദനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. അതുപോലെതന്നെ പ്രതികൂലമായ കാലാവസ്ഥ കാരണം കൃഷി നഷ്ടത്തിലാവുന്നതും കാര്‍ഷിക മേഖലയെ പിന്നോട്ടടിക്കുന്നുണ്ട്. ഇത് മറികടക്കാന്‍ കൂട്ടുകൃഷിയിലൂടെ സാധിക്കുമെന്ന് കെ.സി.വിക്രമന്‍ പറഞ്ഞു.വര്‍ക്കല നഗരസഭ ചെയര്‍മാന്‍ കെ.എം.ലാജി, സി.പി.ഐ(എം) ഏരിയാ സെക്രട്ടറി എം.കെ.യൂസഫ്, ഏരിയ സെക്രട്ടറി വി.സുനില്‍, ഏരിയ പ്രസിഡന്റ് എ.നഹാസ്, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എന്‍.അരവിന്ദാക്ഷന്‍, ഏരിയ കമ്മിറ്റിയംഗം സുലേഖ.എസ്, വില്ലേജ് സെക്രട്ടറി സജി ഭുവനചന്ദ്രന്‍, വില്ലേജ് പ്രസിഡന്റ് അജയകുമാര്‍.ടി തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *