

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ നഗരസഭ കിളിത്തട്ട്മുക്ക് പ്രധാന റോഡിന് സമീപത്തായി അപകടാവസ്ഥയില്‍ നിന്ന മരം നഗരസഭ മുറിച്ച് മാറ്റി. വര്‍ഷങ്ങള്‍ പഴക്കമുള്ള ഉറക്കംതൂങ്ങി മരമാണ് മുറിച്ച് മാറ്റിയത്. വര്‍ഷങ്ങള്‍ പഴക്കമുള്ള മരത്തിന്റെ വേരുകള്‍ വളര്‍ന്നിറങ്ങി റോഡിന്റെ സുരക്ഷാഭിത്തി തകര്‍ന്ന നിലയിലായിരുന്നു. മരം സ്ഥിതി ചെയ്യുന്നതിന് ഒരു വശം വളരെ താഴ്ന്ന പ്രദേശമാണ്. കെ.എസ്.ഇ.ബിയുടെ 11 കെ.വി ലൈനുകള്‍ കടന്നുപോകുന്ന നിരവധി പോസ്റ്റുകള്‍ക്കും ഇത് ഭീഷണി ഉയര്‍ത്തിയിരുന്നു. അവനവഞ്ചേരി ഗവ ഹൈസ്കൂളിലെ വിദ്യാര്‍ത്ഥികളടക്കം ആയിരക്കണക്കിന് കാല്‍നടയാത്രക്കാരും വാഹനയാത്രക്കാരും സഞ്ചരിക്കുന്ന ഇവിടെ മരത്തിന്റെ ഉണങ്ങിയ ശിഖരങ്ങള്‍ ഒടിഞ്ഞ് വീഴാന്‍ തുടങ്ങിയത് വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള വാഹനയാത്രകാര്‍ക്കും വെല്ലുവിളി ഉയര്‍ത്തിയിരുന്നു.
തുടര്‍ന്ന് വാര്‍ഡ് കൗണ്‍സിലറും സിപിഐഎം പ്രവര്‍ത്തകരും മരം മുറിച്ചു മാറ്റാന്‍ ആവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിച്ചു.




പ്രതിഷേധത്തെ തുടര്‍ന്ന് നഗരസഭ ചെയര്‍പേഴ്സണ്‍ അഡ്വ എസ്.കുമാരി സ്ഥലം സന്ദര്‍ശിച്ച് അടിയന്തരമായി മരം മുറിച്ചു മാറ്റുന്നതിന് വേണ്ട നടപടി കൈക്കൊള്ളുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. തുടര്‍ന്ന് നഗരസഭ അപകടാവസ്ഥയില്‍ നില്ക്കുന്ന മരം മുറിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ട് പി.ഡബ്ല്യു.ഡി അധികൃതര്‍ക്ക് കത്ത് നല്കി. എന്നാല്‍ പി.ഡബ്ല്യു.ഡി അധികൃത ഭാഗത്തുനിന്നും മറുപടി ലഭിക്കാത്തതിനാല്‍ അടിയന്തരമായി നഗരസഭ ട്രീ കമ്മിറ്റി യോഗം ചേര്‍ന്ന് അപകടാവസ്ഥയില്‍ നില്ക്കുന്ന മരം മുറിച്ചു മാറ്റുന്നതിന് വേണ്ട നടപടി കൈക്കൊള്ളുകയായിരുന്നു. തുടര്‍ന്ന് നഗരസഭാ സെക്രട്ടറിയുടെ നിര്‍ദ്ദേശപ്രകാരം മരം മുറിച്ചുമാറ്റി.



