Breaking News

ആറ്റിങ്ങല്‍ നഗരസഭയുടെ ഓണാഘോഷത്തിന് വര്‍ണ്ണാഭമായ തുടക്കം

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ നഗരസഭയും പൗരാവലിയും വ്യാപാരി വ്യവസായി സംഘടനകളും സംയുക്തമായി സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ ഓണാഘോഷത്തിനും ആറ്റിങ്ങല്‍ ഫെസ്റ്റിനും സംസ്ഥാന ടൂറിസം വാരാഘോഷത്തിനും തുടക്കമായി. ഇന്നലെ വൈകിട്ട് 6 മണിക്ക് ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനവും ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മവും ഒ.എസ്.അംബിക എം.എല്‍.എ നിര്‍വ്വഹിച്ചു.

വിപുലമായ പരിപാടികളാണ് ഓണാഘോഷത്തോടനുബന്ധിച്ച് നഗരസഭയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്നത്. ആഗസ്റ്റ് 25 ന് വൈകുന്നേരം 3 മണിക്ക് സംഘടിപ്പിക്കുന്ന പ്രതിഭാ സംഗമം മുന്‍ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ നിര്‍വഹിക്കും. തുടര്‍ന്ന് കരോക്കെ ഗാനമേളയും മറ്റ് കലാപരിപാടികളും ഉണ്ടാകും.

ആഗസ്റ്റ് 26 ന് രാവിലെ 9 മണി മുതല്‍ മുനിസിപ്പല്‍ ജീവനക്കാരും ജനപ്രതിനിധികളും സംയുക്തമായി ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കും. 27 ന് രാവിലെ 7 മണിക്ക് ആറ്റിങ്ങല്‍ കോളേജ് ഗ്രൗണ്ടില്‍ കായിക മത്സരങ്ങളുടെ ഉദ്ഘാടനം ഡോ.കെ.കെ.വേണു നിര്‍വ്വഹിക്കും. വൈകുന്നേരം 6 മണിക്ക് മൂകാംബിക കലാപീഠം അവതരിപ്പിക്കുന്ന ഓണശ്രീ 2023 എന്ന പരിപാടി പ്രധാന വേദിയായ നഗരസഭ അങ്കണത്തില്‍ ആരംഭിക്കും.

28 ന് വൈകിട്ട് 5.30 മുതല്‍ കഥാപ്രസംഗവും 7 മണി മുതല്‍ ഗാനമേളയും ഉണ്ടാകും. 29 ന് രാവിലെ 10 മണി മുതല്‍ അവനവഞ്ചേരി മാമ്പഴക്കണ്ടം ഗ്രൗണ്ടില്‍ ഓണപ്പന്ത് കളി മത്സരം. വൈകിട്ട് 7 മണിക്ക് വടകര വരദ അവതരിപ്പിക്കുന്ന മക്കള്‍ക്ക് എന്ന നാടകം നഗരസഭ അങ്കണത്തില്‍ ആരംഭിക്കും.

30 ന് വൈകിട്ട് 4 ന് അവനവഞ്ചേരി ഇണ്ടിളയപ്പന്‍ ക്ഷേത്രത്തിന് സമീപം ഉറിയടി മത്സരം. 6 മണിക്ക് നാടകോത്സവം ഉദ്ഘാടനം വക്കം ഷക്കീര്‍ നിര്‍വ്വഹിക്കും. തുടര്‍ന്ന് മത്തായിയുടെ മരണം എന്ന നാടകം. 7 ന് ലൗലി ജനാര്‍ദ്ദനന്റെ ഗാനോത്സവം.

ആഗസ്റ്റ് 31 ന് വൈകുന്നേരം 7 മണിക്ക് അവനവഞ്ചേരി ഇണ്ടിളയപ്പന്‍ ക്ഷേത്ര നടയില്‍ ഗാനമേളയും അതേസമയം നഗരസഭ അങ്കണത്തില്‍ മലയാളം നാടകവേദിയുടെ നാടകം-കണ്ണുകെട്ടിക്കളി.

സെപ്തംബര്‍ 1 ന് രാവിലെ 8 മണിക്ക് ആറ്റിങ്ങല്‍ കോളേജ് ഗ്രൗണ്ടില്‍ വടംവലി മത്സരം. വൈകിട്ട് 4 മുതല്‍ അവനവഞ്ചേരി മാമ്പഴക്കണ്ടം ഗ്രൗണ്ടില്‍ വോളിബോള്‍ മത്സരം. വൈകിട്ട് 5 ന് നഗരസഭ അങ്കണത്തില്‍ ചിരി ക്ലബ് ഉദ്ഘാടനം അഡ്വ.വര്‍ക്കല ജോയി എം.എല്‍.എ നിര്‍വ്വഹിക്കും. തുടര്‍ന്ന് ജയരാജ് വാര്യര്‍ ഷോ. 6 മണിക്ക് മാജിക് ഷോ. 7 ന് നഗരസഭ അങ്കണത്തില്‍ മെഗാഷോ-ആട്ടക്കലാശം.

2 ന് വൈകുന്നേരം 6.30ന് നഗരസഭ അങ്കണത്തില്‍ നാടകം- ജീവിതം സാക്ഷി. 3 ന് വൈകിട്ട് ആറരയ്ക്ക് നഗരസഭ അങ്കണത്തില്‍ നാടകം-ഓമന തിങ്കള്‍. 4 ന് വൈകിട്ട് ആറരയ്ക്ക് നഗരസഭ അങ്കണത്തില്‍ നാടകം- മണികര്‍ണിക. 5ന് ആറരയ്ക്ക് വിളംബര മാരത്തോണ്‍ ആലംകോട് ജംഗ്ഷനില്‍നിന്ന് ആരംഭിച്ച് കച്ചേരി ജംഗ്ഷന്‍, കിഴക്കേ നാലുമുക്ക്, അവനവഞ്ചേരി, കൊച്ചാലുംമൂട് വഴി നഗരസഭയ്ക്ക് മുന്നില്‍ അവസാനിക്കും. വൈകിട്ട് 3.30ന് സാംസ്‌കാരിക ഘോഷയാത്രയും സമാപന സമ്മേളനവും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും.

Related posts

Leave a Reply

Your email address will not be published. Required fields are marked *