
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീപിടിത്തം ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമല്ലെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ട്. ഫയലുകള്‍ മാത്രമാണ് കത്തിയത്. സാനിറ്റൈസര്‍ ഉള്‍പ്പെടെ മറ്റ് വസ്തുക്കള്‍ കത്തിയില്ല. തീപിടിത്തം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നു തെളിയിക്കുന്ന ഒന്നും സ്ഥലത്തുനിന്നും ശേഖരിച്ച സാംപിളുകളില്‍ കണ്ടെത്താനായില്ലെന്നാണ് ഫൊറന്‍സിക് റിപ്പോര്‍ട്ട്.
തീപിടിച്ച സ്ഥലത്തുനിന്ന് ശേഖരിച്ച സാംപിളുകള്‍ പരിശോധിച്ച ശേഷമാണ് ഫോറന്‍സിക് ലാബിന്റെ നിഗമനം. തീപിടത്തമുണ്ടായ ദിവസം മറ്റ് അന്വേഷണ സംവിധാനങ്ങളുടെ തെളിവ് ശേഖരിക്കല്‍ കൂടാതെ പിറ്റേദിവസം ഫൊറന്‍സിക് ലാബിലെ ഫിസിക്‌സ്, കെമിസ്ട്രി ഡിവിഷനുകളില്‍നിന്ന് ഉദ്യോഗസ്ഥരെത്തി സാംപിളുകള്‍ ശേഖരിച്ചിരുന്നു.
തീപിടുത്തത്തിനു പിന്നില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടാണോയെന്ന് ഫിസിക്‌സ് ഡിവിഷനും തീപിടിക്കാന്‍ പെട്രോള്‍ പോലുള്ള വസ്തുക്കള്‍ കാരണമായോ എന്ന് കെമിസ്ട്രി ഡിവിഷനും പരിശോധിച്ചു. ഇതിന്റെ റിപ്പോര്‍ട്ടാണ് ഫൊറന്‍സിക് ലാബിലെ ഫിസിക്‌സ് വിഭാഗം മൂന്ന് ആഴ്ച മുന്‍പ് സിജെഎം കോടതിയില്‍ സമര്‍പ്പിച്ചത്.
റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് എഡിജിപി മനോജ് എബ്രഹാമിനും കേസിന്റെ അന്വേഷണ ചുമതലയുള്ള എസ്പിക്കും കൈമാറി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്ന സര്‍ക്കാര്‍ വിദഗ്ധസമിതിയുടെ കണ്ടെത്തലിനു വിരുദ്ധമാണ് ഫൊറന്‍സിക് റിപ്പോര്‍ട്ട്.
കത്തിയ സ്ഥലത്തുനിന്ന് ചാരം ഉള്‍പ്പെടെ പരിശോധനയ്ക്കായി ശേഖരിച്ചു. ശേഖരിച്ച സാംപിളുകള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ വഴി സീല്‍ചെയ്ത് കോടതിയില്‍ സമര്‍പ്പിച്ചു. കോടതി ഇതു തെളിവായി രേഖപ്പെടുത്തിയശേഷം സീല്‍ചെയ്ത കവറില്‍ ഫൊറന്‍സിക് ലാബിലേക്കു തിരിച്ചയച്ചു. ഇതിനുശേഷമാണ് പരിശോധന ആരംഭിച്ചത്.
ഓഗസ്റ്റ് 25നാണ് സെക്രട്ടേറിയറ്റിലെ പൊതുഭരണവിഭാഗത്തില്‍ തീപിടിത്തം ഉണ്ടായത്. യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട രേഖകള്‍ കത്തിനശിച്ചെന്നും, സ്വര്‍ണക്കടത്ത് ആരോപണത്തില്‍നിന്ന് രക്ഷപ്പെടാന്‍ രേഖകള്‍ നശിപ്പിച്ചതാണെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപണം ഉന്നയിച്ചതോടെ സംഭവം രാഷ്ട്രീയ വിവാദമായി.