
യു.പി പോലീസ് കസ്റ്റഡിയിലെടുത്തവര്‍
ന്യൂഡല്‍ഹി: ദലിത് പെണ്‍കുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഹത്രാസില്‍ ഉണ്ടായ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് നാല് പേര് കസ്റ്റഡിയില്‍. മലയാളി മാധ്യമപ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പനെയും അതിക് ഉര് റഹ്മാന്, മസൂദ് അഹ്മദ്, അലം എന്നീ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെയുമാണ് യുപി പൊലീസ് കസ്റ്റഡിയിലെടുത്തത്.
പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ ലാപ്ടോപ്, മൊബൈല്‍ ഫോണുകള്‍ എന്നിവയില്‍നിന്ന് രാജ്യത്തിന്റെ സുസ്ഥിരതും ക്രമസമാധാനവും തകര്‍ക്കുന്ന തരത്തിലുള്ള രേഖകള്‍ കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലില്‍ ഇവര്‍ക്ക് പോപ്പുലര്‍ ഫ്രണ്ട്, ക്യാംപസ് ഫ്രണ്ട് എന്നീ സംഘടനകളുമായി ബന്ധമുണ്ടെന്ന് വെളിപ്പെടുത്തിയതായും പൊലീസ് പറയുന്നു. ഡല്‍ഹിയില്‍ നിന്ന് ഹത്രാസിലേക്കു പോകുംവഴി ഉത്തര്‍പ്രദേശിലെ മഥുരയില്‍ നിന്നാണ് ഇന്നലെ രാത്രി ഇവരെ പിടികൂടിയത്.
ഹത്രാസിലെ സംഭവത്തിന്റെ പേരില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ വംശീയ കലാപം ലക്ഷ്യമിട്ടാണെന്നും അതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് പോലീസ് മാധ്യമപ്രവര്‍ത്തകനെയും പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരെയും കസ്റ്റഡിയിലെടുത്തത്.
ഹത്രാസ് സംഭവവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധങ്ങളില്‍ പങ്കെടുത്തവര്‍ക്കെതിരെ ക്രമസമാധാന പ്രശ്നം, ദേശദ്രാഹം, മതവികാരം വ്രണപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ഉള്‍പ്പെടുത്തി പത്തൊന്‍പതോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഇതിനിടെ പെണ്‍കുട്ടി ബലാല്സംഗത്തിരയായി കൊല്ലപ്പെട്ട കേസ് സിബിഐയ്ക്ക് വിടാന്‍ യു.പി സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരുന്നു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തത് കേസ് വഴിതിരിച്ചുവിടാനാണെന്ന ആരോപണമാണ് ഇപ്പോള്‍ ഉയരുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നും സംഘടനയെ നിരോധിക്കണമെന്നുമടക്കം യോഗി ആദിത്യനാഥ് ആവശ്യം ഉയര്‍ത്തിയിരുന്നു.