
നെയ്യാറ്റിന്‍കര: കെഎസ്ഇബി കരാര്‍ തൊഴിലാളി വൈദ്യുതി പോസ്റ്റിനു മുകളില്‍ അറ്റകുറ്റപ്പണിക്കിടയില്‍ മരിച്ചു. ഷോക്കേറ്റതാണോ ഹൃദയസ്തംഭനമാണോ മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടത്തിലൂടെ മാത്രമേ അറിയാനാവൂ എന്ന് പോലീസ് പറഞ്ഞു.
പാലിയോട് ഡാലുംമുഖം മീനാഞ്ചിറ കിഴക്കരികത്ത് പുത്തന്‍വീട്ടില്‍ സുനില്‍കുമാര്‍(42)ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെയായിരുന്നു സംഭവം. കഴിഞ്ഞ പത്തു വര്‍ഷമായി നെയ്യാറ്റിന്‍കര കെഎസ്ഇബി സെക്ഷന്‍ ഓഫീസിന്റെ പരിധിയിലെ കരാര്‍ തൊഴിലാളിയാണ് സുനില്‍ പഴക്കം ചെന്ന കന്പികള്ക്ക് പകരം പുതിയവ ഘടിപ്പിക്കുന്ന പണിയിലായിരുന്നു സുനിലും കൂട്ടരും. ലൈനിലെ വൈദ്യുതി ഓഫ് ചെയ്തതിനു ശേഷമാണ് ജോലിക്കിറങ്ങിയതെന്ന് കൂടെയുള്ളവര്‍ പറഞ്ഞു.
ജോലിക്കിടെ പിന്നിലേക്ക് മറിഞ്ഞ നിലയില്‍ കാണപ്പെട്ടപ്പോള്‍ തൊഴിലാളികള്‍ വിവരം കെഎസ്ഇബി അധികൃതരെയും പോലീസിനെയും ഫയര്‍ ആന്‍ഡ് റസ്ക്യൂ യൂണിറ്റിലും വിവരം അറിയിച്ചു. ഇതിനിടയില്‍ നാട്ടുകാരില്‍ ചിലര്‍ രോഷാകുലരായി.
സ്റ്റേഷന് ഓഫീസര്‍ സജിത്തിന്റെ നേതൃത്വത്തിലെത്തിയ ഫയര്‍ഫോഴ്സ് സംഘം ലൈനില്‍ വൈദ്യുതി ഇല്ലെന്ന് ഉറപ്പു വരുത്തി.
തുടര്‍ന്ന് കൃഷ്ണകുമാര്‍, സുധീര്‍ എന്നിവര്‍ ചേര്‍ന്ന് പോസ്റ്റില്‍ കയറി സുനില്‍കുമാറിന്റെ ശരീരം കയറില്‍ കെട്ടി താഴെയിറക്കി. തുടര്‍ന്ന് നെയ്യാറ്റിന്‍കര ഗവ. ജനറല്‍ ആശുപത്രിയിലെത്തിച്ചു. മൃതദേഹം കോവിഡ് ടെസ്റ്റിനു വിധേയമാക്കുമെന്ന് പോലീസ് അറിയിച്ചു.
മരണകാരണം എന്താണെന്ന് നിലവില്‍ വ്യക്തമല്ലെന്ന് നെയ്യാറ്റിന്‍കര പോലീസും ഫയര്‍ ആന്‍ഡ് റസ്ക്യൂ യൂണിറ്റും പറഞ്ഞു.
ശരീരത്തില്‍ പ്രത്യക്ഷത്തില്‍ പൊള്ളിയതിന്റെ പാടില്ലാത്തതിനാല്‍ വൈദ്യുതി ഷോക്കേറ്റതാണോ എന്ന് പറയാനാവില്ല. വായില്‍ നിന്നും നുരയും പതയും വന്ന അടയാളം മുഖത്തുണ്ടായിരുന്നു. പോസ്റ്റുമോര്‍ട്ടത്തില്‍ മരണ കാരണം വ്യക്തമാകുമെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.