Breaking News

യു.വി.ജോസിനെ വീണ്ടും ചോദ്യംചെയ്യും; ഒറിജിനല്‍ ഫയലുമായി ഹാജരാകണമെന്നും സി.ബി.ഐ

തിരുവനന്തപുരം: ലൈഫ് മിഷന്‍ സിഇഒ യു.വി. ജോസിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് സി.ബി.ഐ. ഇന്നലെ 9 മണിക്കൂറോളം സി.ബി.ഐ സംഘം ഇദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ഫയലുകള്‍ ഹാജരാക്കാനും സി.ബി.ഐ നിര്‍ദ്ദേശിച്ചിരുന്നു.
എന്നാല്‍ ഫയലുകളുടെ പകര്‍പ്പാണ് ഹാജരാക്കിയത്. ഇതിന്റെയൊക്കെ ഒറിജലുമായി ഹാജരാകാനാണ് സി.ബി.ഐ ഇപ്പോള്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഒറിജിനല്‍ ഫയലുകള്‍ വിജിലന്‍സ് കൊണ്ടുപോയിരിക്കുകയാണെന്നാണ് യു.വി ജോസ് അറിയിച്ചത്.
ഇതേതുടര്‍ന്നാണ് ഒറിജിനല്‍ ഫയലുകളുമായി ഇനി ഹാജരാകണമെന്നാണ് സിബിഐ നിര്‍ദ്ദേശിച്ചിരിക്കുന്നത്. സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണത്തെ തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന അഭിപ്രായവും സി.ബി.ഐക്ക് ഉണ്ട്. സിബിഐ അന്വേഷണത്തിനെതിരെ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി നാളെ ഹൈക്കോടതി പരിഗണിക്കും. സര്‍ക്കാര്‍ അന്വേഷണത്തിനോട് സഹകരിക്കുന്നില്ലായെന്ന കാര്യം വിഷയം പരിഗണിക്കവേ സിബിഐ ഹൈക്കോടതിയെ അറിയിച്ചേക്കും.
യു.വി.ജോസിനെ കൂടാതെ ഡെപ്യൂട്ടി സിഇഒയോടും ചീഫ് എഞ്ചിനിയറോടും വീണ്ടും ഹാജരാകാന്‍ സിബിഐ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വടക്കാഞ്ചേരി നഗരസഭയുടെ ഫയലുകള്‍ പരിശോധിച്ചതില്‍ നിന്ന് ഹാബിറ്റാറ്റിന്റെ പ്ളാന്‍ അനുസരിച്ചാണ് ഫ്ളാറ്റ് നിര്‍മാണത്തിന് പെര്‍മിറ്റ് കിട്ടിയതെന്ന് സിബിഐ കണ്ടെത്തിയിരുന്നു. എന്നാല്‍ പിന്നീടുള്ള കാര്യങ്ങളില്‍ നിന്നും ഹാബിറ്റാറ്റിനെ എന്തിന് ഒഴിവാക്കിയെന്ന കാര്യവും സിബിഐ പരിശോധിക്കുന്നുണ്ട്.
അതിനാലാണ് ലൈഫ് മിഷനുമായി ബന്ധപ്പെട്ട ഒറിജിനല്‍ ഫയലുകള്‍ സിബിഐ ആവശ്യപ്പെട്ടിരിക്കുന്നത്. റെഡ്ക്രസന്റും ലൈഫ് മിഷനും തമ്മിലുള്ള കരാറില്‍ യുഎഇ കോണ്‍സുല്‍ ജനറല്‍ കയറി, ആ ഓഫീസ് എന്തുകൊണ്ട് ടെന്‍ഡര്‍ വിളിച്ചു, ഹാബിറ്റാറ്റിനെ എന്തുകൊണ്ട് ഒഴിവാക്കി, യുണിടാക്ക് എങ്ങനെ വന്നു എന്നിവയുടെ ഫയലുകളാണ് സിബിഐ പരിശോധിക്കുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *