
തിരുവനന്തപുരം: ഐ ഫോണ്‍ വിവാദവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോടിയേരിയുടെ മുന്‍ സ്റ്റാഫ് എ.പി.രാജീവന് ഫോണും തന്റെ സ്റ്റാഫിന് വാച്ചും യുഎഇ കോണ്‍സുലേറ്റില്‍നിന്ന് നറുക്കെടുപ്പിലൂടെ സമ്മാനമായി കിട്ടി എന്നാണ് വാര്‍ത്താ സമ്മേളനത്തില്‍ ചെന്നിത്തല വ്യക്തമാക്കിയത്.
ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് കോടിയേരി ബാലകൃഷ്ണന്റെ പേഴ്സണല്‍ സ്റ്റാഫ് ആയിരുന്ന രാജീവന് ഇപ്പോള്‍ അസി.പ്രോട്ടോകോള്‍ ഓഫിസറാണ്. തനിക്കു ഫോണ്‍ സമ്മാനം കിട്ടിയെന്ന ആരോപണം ആവര്‍ത്തിച്ച് നിഷേധിച്ച ചെന്നിത്തല പ്രചാരണങ്ങള്‍ക്കെതിരെ നിയമപരമായി മുന്നോട്ടുപോകുമെന്നും വ്യക്തമാക്കി.
പ്രോട്ടോകോള്‍ ലംഘനം ഇല്ലെന്ന് ഉറപ്പ് വരുത്തേണ്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് ചടങ്ങില്‍ പങ്കെടുത്തതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. എന്നാല്‍, അദ്ദേഹത്തിനു നറുക്കെടുപ്പിലൂടെ ഫോണ്‍ സമ്മാനം ലഭിച്ചതിനെ കുറ്റപ്പെടുത്തുന്നില്ലെന്നും ഉദ്യോഗസ്ഥന് ഫോണ്‍ ചോദിച്ചു വാങ്ങിയതല്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
ഐ ഫോണ്‍ വിവാദത്തില്‍ ഇതുവരെ നല്കിയ വിശദീകരണത്തില്‍ ഉറച്ചുനിന്ന ചെന്നിത്തല സമ്മാനമായി നല്കിയ ബാക്കി ഫോണുകള്‍ എവിടെയെന്ന് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവിനു ഐ ഫോണ്‍ ലഭിച്ചെന്ന ആരോപണത്തിനെതിരെ ഡിജിപിക്ക് പരാതി കൊടുത്തിട്ടുണ്ട്. ഉപയോഗിച്ച ഫോണുകളുടെ ഐഎംഇഐ നമ്പര്‍ പരിശോധിച്ച് ആളെ കണ്ടെത്തണം. താന്‍ ഫോണ്‍ വാങ്ങിക്കുകയോ ഉപയോഗിക്കുകയോ ചെയ്തിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.