
ന്യൂഡല്‍ഹി: ഹത്രാസില്‍ കൂട്ടബലാല്‍സംഗത്തിനിരയായി മരിച്ച പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ഉത്തര്‍പ്രദേശ് പോലീസ് തടഞ്ഞു. ഇതോടെ ഇരുവരും അവിടേയ്ക്കു നടന്നുപോകാന്‍ തീരുമാനിച്ചു.
ഗ്രേറ്റര്‍ നോയിഡയില്‍ വച്ചാണ് രാഹുലിന്റെയും പ്രിയങ്കയുടെയും വാഹനവ്യൂഹം പൊലീസ് തടഞ്ഞത്. ഹത്രാസില്‍നിന്ന് 142 കിലോമീറ്റര്‍ അകലെയാണിത്. തുടര്‍ന്ന് വാഹനത്തില്‍നിന്ന് ഇറങ്ങിയ നേതാക്കള്‍ നൂറുകണക്കിനു പ്രവര്‍ത്തകര്‍ക്കൊപ്പം റോഡിലൂടെ നടന്നു തുടങ്ങി.
പെണ്‍കുട്ടിയുടെ വീട്ടിലേക്ക് എത്തുന്ന മാധ്യമങ്ങളെയും രാഷ്ട്രീയ പ്രവര്‍ത്തകരെയും പോലീസ് തടഞ്ഞിരുന്നു. വീടിന് ഒന്നര കിലോമീറ്റര്‍ ചുറ്റളവില്‍ എല്ലാ റോഡുകളും അടച്ചു. പുറത്തുനിന്ന് ആര്‍ക്കും വീട്ടുകാരെ ബന്ധപ്പെടാന്‍ കഴിയാത്ത രീതിയിലാണ് പോലീസ് നിലയുറപ്പിച്ചിരിക്കുന്നത്.
ദളിതരെ അടിച്ചമര്‍ത്താനുള്ള യുപി സര്‍ക്കാരിന്റെ ലജ്ജാകരമായ നീക്കമാണിതെന്നും ഇതിനെതിരെയാണ് ഞങ്ങളുടെ പോരാട്ടമെന്നും ഹത്രാസിലേക്ക് യാത്ര പുറപ്പെടുന്നതിനു മുന്‍പ് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അധികാരത്തില്‍ തുടരാന്‍ ധാര്‍മ്മിക അവകാശമില്ലെന്ന് പ്രിയങ്ക ഗാന്ധിയും പ്രതികരിച്ചു.