
കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ സര്‍ക്കാരും സി.ബി.ഐയും ഹൈക്കോടതിയില്‍ തുറന്ന പോര്. വിജിലന്‍സ് കേസ് ഡയറി കൈമാറുന്നില്ലെന്നും അന്വേഷണവുമായി മുന്നോട്ടു പോകാന്‍ സാധിക്കുന്നില്ലെന്നും ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ സി.ബി.ഐ കോടതിയെ അറിയിച്ചു. ഏഴു തവണ ആവശ്യപ്പെട്ടിട്ടും കേസ് ഡയറി ഉള്‍പ്പടെയുള്ള രേഖകള്‍ ക്രൈംബ്രാഞ്ച് കൈമാറാത്ത സാഹചര്യത്തിലാണ് സിബിഐ സര്‍ക്കാരിനെതിരെ കടുത്ത നിലപാടെടുത്തത്.
എന്നാല്‍ കേസ് ഡയറി ഇപ്പോള്‍ സി.ബി.ഐക്ക് നല്‍കാനാവില്ലായെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചുനിന്നു. ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ പരിഗണനയിലായതിനാല്‍ കേസ് ഡയറി ഇപ്പോള്‍ കൈമാറാനാവില്ല എന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സുപ്രീംകോടതി അപ്പീലില്‍ തീര്‍പ്പ് കല്‍പിക്കുന്നതിന് മുമ്പ് കേസ് ഡയറി ആവശ്യമെങ്കില്‍ സി.ബി.ഐ സുപ്രീംകോടതിയെ സമീപിക്കണമെന്നും സര്‍ക്കാര്‍ വാദിച്ചു. പ്രതികളുടെ ജാമ്യാപേക്ഷ ഹര്‍ജിയില്‍ വിധി പറയുന്നത് കോടതി മാറ്റിവച്ചു.
അതോടെ സുപ്രീം കോടതി ഉത്തരവ് വരും വരെ കേസ് ഡയറി ഹൈക്കോടതിയില്‍ സൂക്ഷിക്കണമെന്ന് സിബിഐ ആവശ്യപ്പെട്ടു. കോടതി ഉത്തരവിട്ടാല്‍ രേഖകള്‍ കോടതിക്ക് കൈമാറാമെന്ന് സര്‍ക്കാരും വ്യക്തമാക്കി. നേരത്തെ, നിരവധി തവണ ആവശ്യപ്പെട്ടിട്ടും കേസുമായി ബന്ധപ്പെട്ട രേഖകള്‍ കൈമാറാത്തതിനാല്‍ ക്രൈംബ്രാഞ്ചിന് സി.ബി.ഐ സമന്‍സ് അയച്ചിരുന്നു.
ഇനിയും രേഖകള്‍ കൈമാറിയില്ലെങ്കില്‍ ക്രിമിനല്‍ നടപടിച്ചട്ടത്തിന്റെ 93-ാം വകുപ്പനുസരിച്ച് കോടതിയില്‍ നിന്നുള്ള വാറണ്ടോടെ സിബിഐക്ക് റെയ്ഡ് നടത്തുന്നതിനും രേഖകള്‍ പിടിച്ചെടുക്കാനും സാധിക്കും. ഇതിന്റെ മുന്നോടിയായാണ് സമന്‍സ് അയച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഇന്ന് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ സിബിഐ വിഷയം കോടതിയില്‍ ഉന്നയിച്ചത്. അടുത്ത ദിവസം കേസിന്റെ വിധി പറയുമ്പോള്‍ ഇക്കാര്യത്തില്‍ പരാമര്‍ശം ഉണ്ടാകുമെന്നാണ് സിബിഐ പ്രതീക്ഷിക്കുന്നത്.
സുപ്രീം കോടതി അന്വേഷണത്തിന് ഇടക്കാല വിലക്കും ഏര്‍പ്പെടുത്തിയിട്ടില്ല എന്നതിനാല്‍ രേഖകള്‍ പിടിച്ചെടുക്കാം എന്നാണ് സിബിഐ കണക്കു കൂട്ടല്‍. സര്‍ക്കാര്‍ അപ്പീല്‍ അടുത്ത മാസം 26ന് സുപ്രീം കോടതി പരിഗണിക്കും.