
ചെന്നൈ: പരിശോധനകള്‍ ശക്തമാക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവരുമ്പോഴും കേരളത്തിലേക്കുള്ള ലഹരിക്കടത്തിന് കുറവില്ല. ഇത്തവണ പിടിച്ചെടുത്തത് മാരകമായ 25 കിലോ രാസലഹരി വസ്തു. കേരളത്തിലേക്കു പാഴ്സലായി കടത്താന്‍ ശ്രമിച്ച മാരക രാസലഹരി വസ്തുവായ സ്യൂഡോ എഫഡ്രിനാണ് റവന്യു ഇന്റലിജന്‍സ് വിഭാഗം(ഡിആര്‍ഐ) പിടികൂടിയത്. വിദേശത്തു നിന്നെത്തിയ ക്ലോസറ്റുകള്‍ക്കിടയില്‍ ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്.
രാസപരിശോധനയിലാണ് സ്യൂഡോ എഫ്രഡിന്‍ ആണെന്ന് സ്ഥിരീകരിച്ചത്. നര്‍കോട്ടിക്സ് ഡ്രഗ്സ് ആന്‍ഡ് സെക്കോട്രോപിക് സബ്സ്റ്റന്‍സസ് ആക്ട് പ്രകാരം കര്‍ശന നിയന്ത്രണമുള്ളതാണ് സ്യൂഡോ എഫ്രഡിന്‍. മരുന്നു നിര്‍മാണത്തിനായി ഇവ ഉപയോഗിക്കുന്നതിനാല്‍ അതിന്റെ മറവിലാണ് ഇത് കടത്തുന്നത്. വാള്‍ടാക്സ് റോഡിലെ സ്വകാര്യ പാഴ്സല്‍ ഓഫിസില്‍ നിന്നു യൂറോപ്യന്‍ വാട്ടര്‍ ക്ലോസറ്റ്സ് എന്ന കമ്പനിയുടെ പേരില്‍ കൊച്ചിയിലേക്ക് അയയ്ക്കാന്‍ ശ്രമിച്ച പാഴ്സലിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്. സംസ്ഥാനാന്തര ലഹരി മരുന്നു കടത്തു സംഘമാണ് ഇതിനു പിന്നിലെന്നു സംശയിക്കുന്നതായി ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.