
തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് വൈറസ് ബാധ അതിതീവ്രമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ(ഐഎംഎ) പഠനം. രാജ്യത്തുതന്നെ കോവിഡ് ബാധ ഏറ്റവും തീവ്രം കേരളത്തിലെന്നാണ് ഐഎംഎ പറയുന്നത്.. കേരളത്തിലെ കോവിഡ് ബാധിതരുടെ വര്‍ദ്ധനവ് ദേശീയ ശരാശരിയുടെ ഇരട്ടിയിലേറെയാണ്. കഴിഞ്ഞ ആഴ്ചയിലെ കണക്കില്‍ കേരളത്തിന്റെ കോവിഡ് മൂവിങ് ഗ്രോത്ത് റേറ്റ് 28 ആണ്. ദേശീയതലത്തില്‍ 11 മാത്രവും. സെപ്റ്റംബര്‍ മാസത്തെ മൊത്തം കണക്കില്‍ കേരളത്തിന്റെ കോവിഡ് മൂവിങ് ഗ്രോത്ത് റേറ്റ് 98 ആകുമ്പോള്‍ ദേശീയതലത്തില്‍ ഇത് 45 ആണ്.
കേരളത്തിലേത് അതീവ ഗുരുതരമായ അവസ്ഥയാണെന്നതിന്റെ നിരവധി കണ്ടെത്തലുകള്‍ ഐ.എം.എ നടത്തിയിട്ടുണ്ട്. ടെസ്റ്റുകളിലെ കുറവാണ് അതില്‍ പ്രധാനം. മറ്റ് സംസ്ഥാനങ്ങളില്‍ പരിശോധനയുടെ എണ്ണം കൂട്ടിയപ്പോഴാണ് കൂടുതല്‍ കോവിഡ് കേസുകള്‍ രേഖപ്പെടുത്തിയത്. കണ്ണൂരില്‍ ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 12.6% ആയത് രോഗവ്യാപനം അതിവേഗമെന്നതിനു തെളിവായി ഐ.എം.എ ചൂണ്ടിക്കാണിക്കുന്നു.
കേരളത്തിന്റെ തെക്കന്‍ മേഖലകളിലും മധ്യകേരളത്തിലും തീവ്രപരിചരണ സംവിധാനങ്ങള്‍ കുറവാണന്ന് കണ്ടെത്തിയ ഐ.എം.എ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ തിരുവനന്തപുരം ജില്ലയിലെ കോവിഡ് മരണനിരക്കില്‍ 140% വര്‍ധനവുണ്ടെന്നും പറയുന്നു. ഒരു മാസത്തിനിടെ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ 130% വര്‍ധനവാണ് രേഖപ്പെടുത്തുന്നത്.