
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ക്രൂരമായ പീഡനത്തെ തുടര്‍ന്ന് മരിച്ച ദലിത് പെണ്‍കുട്ടിയുടെ മൃതദേഹം സംസ്ക്കരിച്ച നടപടിയില്‍ ദുരൂഹതയാരോപിച്ച് ജനരോഷം ശക്തമാകുന്നു. കുടുംബത്തിന്റെ അനുമതി പോലുമില്ലാതെ മൃതദേഹം സംസ്കരിച്ചതില്‍ രാജ്യവ്യാപകമായാണ് പ്രതിഷേധമുയരുന്നത്. ജനങ്ങളുടെ പ്രതിഷേധം ഭയന്നാണ് നേരം പുലരും മുന്‍പ് പൊലീസ് ധൃതിപിടിച്ച് സംസ്കാരം നടത്തിയതെന്നാണ് ആരോപണം. അന്ത്യകര്‍മങ്ങള്‍ക്ക് സാവകാശം അനുവദിക്കണമെന്ന മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും അപേക്ഷ വകവയ്ക്കാതെ ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെയാണ് പൊലീസ് സംസ്കാരം നടത്തിയത്.
പെണ്‍കുട്ടിയുടെ ബന്ധുക്കളെ വീടിനുള്ളില്‍ പൂട്ടിയിട്ട ശേഷം മാധ്യങ്ങള്‍ക്കും ഗ്രാമവാസികള്‍ക്കും നിരോധനമേര്‍പ്പെടുത്തിയാണ് പോലീസ് മൃതദേഹം സംസ്ക്കരിച്ചതെന്നും ആരോപണം ഉയരുന്നു. എന്നാല്‍, പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആഗ്രഹപ്രകാരമാണ് പുലര്‍ച്ചെ തന്നെ സംസ്കാരം നടത്തിയതെന്നാണ് ഉത്തര്‍പ്രദേശ് പൊലീസ് എഡിജി പ്രശാന്ത് കുമാര്‍ വ്യക്തമാക്കിയത്.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഫോണില്‍ ബന്ധപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദി, പെണ്‍കുട്ടിയുടെ കുടുംബത്തിന് എത്രയും വേഗം നീതി ലഭ്യമാക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. സംഭവം അന്വേഷിക്കാന്‍ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥും പറഞ്ഞു. കേസിന്റെ വിചാരണ അതിവേഗ കോടതിയില്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തില്‍ സന്ദീപ്, ലവ്കുശ്, രാമു, രവി എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.
ഉത്തര്‍പ്രദേശ് ഭവനു മുന്നില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ശക്തമായ പ്രതിഷേധം കണക്കിലെടുത്ത് യു.പി ഭവന് മുന്നില്‍ വന്‍ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രതിഷേധ മാര്‍ച്ച് നടത്തിയ ഇടതുപക്ഷ വനിതാ സംഘടനകളിലെ 60 പ്രവര്‍ത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കോണ്‍ഗ്രസും ഭീം ആര്‍മിയും ലക്നൗവിലും പ്രതിഷേധ മാര്‍ച്ചുകള്‍ നടത്തി.
സംഭവത്തില്‍ ഉത്തര്‍പ്രദേശിലെ ബിജെപി സര്‍ക്കാരിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ രംഗത്തുവന്നു. ഡല്‍ഹിയിലെ നിര്‍ഭയ സംഭവം പോലെ രാജ്യത്തിന്റെ മനസ്സാക്ഷിയെ നടുക്കിയ സംഭവത്തില്‍ പൊലീസിന്റെ ഇടപെടല്‍ ലജ്ജാകരമാണെന്ന് പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞു.