
പ്രശസ്ത ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും കൂട്ടരും ഇക്കഴിഞ്ഞ ദിവസം നടത്തിയ പ്രതിഷേധമാണ് ഇപ്പോള്‍ കേരളത്തിന്റെ പ്രധാന ചര്‍ച്ചാവിഷയം. സൈക്കോളജിയില്‍ ഡോക്ടറേറ്റ് ഉണ്ടെന്ന അവകാശവാദത്തോടെ വിജയ്.പി.നായര്‍ എന്ന വ്യക്തി യൂട്യൂബ് ചാനലിലൂടെ ഭാഗ്യലക്ഷ്മിയെ അപകീര്‍ത്തിപ്പെടുത്തിയിരുന്നു. അതിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പോലീസില്‍ ഭാഗ്യലക്ഷ്മി പരാതിയും നല്‍കി. എന്നാല്‍ ഇക്കാര്യത്തില്‍ പോലീസിന്റെ ഭാഗത്തുനിന്ന് നീതി ലഭിക്കാതെ വന്നതോടെ ഭാഗ്യലക്ഷ്മിയും സംഘവും തന്നെ വിജയ്.പി.നായര്‍ താമസിക്കുന്ന ലോഡ്ജില്‍ എത്തി അയാളുടെ ദേഹത്ത് കരി ഓയില്‍ പ്രയോഗം നടത്തുകയും മര്‍ദ്ദിക്കുകയുമായിരുന്നു.
ഈ സംഭവം ഫെയ്‌സ്ബുക്ക് ലൈവിലൂടെ ലോകത്തെ അറിയിക്കാനും അവര്‍ തയാറായി. നാടായ നാടുമുഴുവന്‍ വിഷയം ചര്‍ച്ചയായതോടെ അതുവരെ ഉറക്കം നടിച്ച നിയമപാലകര്‍ സടകുടഞ്ഞെണീറ്റു. റോക്കറ്റ് വേഗത്തിലാണ് പിന്നീട് നടപടി ഉണ്ടായത്. ഭാഗ്യലക്ഷ്മിയെ അപകീര്‍ത്തിപ്പെടുത്തിയ വിജയ്.പി.നായര്‍ക്കെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരവും സ്വയം നിയമപാലകയായി മാറിയ ഭാഗ്യലക്ഷ്മിക്കെതിരെ മോഷണക്കുറ്റമടക്കമുള്ള ജാമ്യമില്ലാ വകുപ്പുകളും ചുമത്തി കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ പ്രമുഖ മലയാള ചാനലുകളെല്ലാംതന്നെ തലനാരിഴകീറി പരിശോധിച്ചു. ഭാഗ്യലക്ഷ്മിക്കെതിരെ ജാമ്യമില്ലാ വകുപ്പും വിജയ്.പി.നായര്‍ക്കെതിരെ നിസ്സാര വകുപ്പുകളും ചാര്‍ത്തി കേസെടുത്തതും ചര്‍ച്ചയായി. അതോടെ വിജയ്.പി.നായര്‍ക്കെതിരെയും ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. ഇരുകൂട്ടരും ഓരോ ഗോളടിച്ച് സമനിലയിലാണ് ഇപ്പോള്‍ കാര്യങ്ങള്‍.
ഇവിടെനിന്നാണ് കേരളീയ സമൂഹം ചിന്തിച്ചുതുടങ്ങേണ്ടത്. വിജയ്.പി.നായര്‍ എന്ന വ്യക്തി (ആഭാസന്‍ എന്ന പേരാണ് ഉചിതം) ചെയ്ത പ്രവര്‍ത്തി ഒരു തരത്തിലും നീതീകരിക്കാവുന്നതല്ല എന്ന കാര്യത്തില്‍ തര്‍ക്കമില്ലതന്നെ. പക്ഷേ, അതിനെതിരെയുണ്ടായ പ്രതികരണവും നീതീകരിക്കാവുന്നതാണോ എന്നുകൂടി ആലോചിക്കേണ്ടതുണ്ട്. അങ്ങനെ ആലോചിച്ചാല്‍ അതും തെറ്റുതന്നെയെന്ന് പറയാതെ വേറെ മാര്‍ഗ്ഗമില്ല. കാരണം, രാജ്യത്ത് നിലനില്‍ക്കുന്ന നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്ന സമീപനമാണ് ഭാഗ്യലക്ഷ്മിയും കൂട്ടരും സ്വീകരിച്ചത്.
ഭാഗ്യലക്ഷ്മിക്കെതിരെ നടത്തിയ സൈബര്‍ ആക്രമണം ചോദ്യംചെയ്യാനുള്ള അവകാശം തീര്‍ച്ചയായും അവര്‍ക്കുണ്ട്. പക്ഷേ, അതിന് അവര്‍ സ്വീകരിച്ച മാര്‍ഗ്ഗം ശരിയാണോ എന്നതാണ് വിഷയം. സ്ത്രീ സമൂഹത്തിനൊട്ടാകെ വേണ്ടിയാണ് താനിത് ചെയ്തതെന്ന് അവര്‍ പറയുന്നു. എന്നാല്‍, സ്ത്രീസമൂഹം ഒന്നടങ്കം ഇവരെ മാതൃകയാക്കിയാലോ? സ്ത്രീകള്‍ക്ക് മാത്രമാണോ ഇത് മാതൃകയാക്കാവുന്നത്. പുരുഷന്മാര്‍ക്കും ആവാമല്ലോ? അങ്ങനെ കേരള സമൂഹമൊട്ടാകെ ഇത് മാതൃകയാക്കിയാല്‍ കേരളത്തിലെ സാമൂഹികാവസ്ഥ എന്തായിരിക്കും? കേരള സംസ്ഥാനം സാമൂഹിക അരാജകത്വത്തിലേക്ക് നീങ്ങുകയാവും ചെയ്യുക. പോലീസ് സ്‌റ്റേഷനുകളും കോടതികളും അടച്ചിടേണ്ടി വരും. അതുകൊണ്ടുതന്നെ തനിക്ക് നിയമത്തിന്റെ പരിരക്ഷ ലഭിക്കാതെ വന്നതാണ് ഇത്തരത്തിലുള്ള പ്രതിഷേധത്തിന് തന്നെ പ്രേരിപ്പിച്ചതെന്ന ഭാഗ്യലക്ഷ്മിയുടെ വാദം യാതൊരുവിധത്തിലും അംഗീകരിക്കാവുന്നതല്ല.
അവര്‍ക്ക് നിയമപരിരക്ഷ ലഭിക്കുന്നില്ലായെങ്കില്‍ അത് നല്‍കാന്‍ ബാധ്യതപ്പെട്ടവരുടെ മുന്നില്‍ ജനാധിപത്യരീതിയില്‍ പ്രതിഷേധിക്കുകയായിരുന്നു അവര്‍ ചെയ്യേണ്ടിയിരുന്നത്. ജനങ്ങള്‍ അധികാര വര്‍ഗ്ഗത്തിനെതിരെ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിന് മുന്നിലും മറ്റും പ്രതിഷേധിക്കാനെത്തുന്നത് നിയമം കയ്യിലെടുത്ത് പ്രതിഷേധിക്കാന്‍ അറിയാത്തതുകൊണ്ടല്ല. മറിച്ച്, ജനാധിപത്യബോധമുള്ളതുകൊണ്ടാണ്. ജിഷ്ണു പ്രണോയ് എന്ന വിദ്യാര്‍ത്ഥിയുടെ അമ്മ മഹിജ തനിക്ക് നീതി ലഭിക്കാന്‍വേണ്ടി നടത്തിയ പ്രതിഷേധവും കേരള ജനത ചര്‍ച്ച ചെയ്തതാണ്. സൂരജ് എന്ന ചെറുപ്പക്കാരന്‍ ഇപ്പോഴും സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരം നടത്തുന്നതും നാം കണ്ടുകൊണ്ടിരിക്കുന്നു. അങ്ങനെ അനേകമനേകം പേരുണ്ട് കേരളത്തില്‍. നീതിക്കുവേണ്ടി സമരം ചെയ്യുന്നവര്‍. ഇവര്‍ക്കൊക്കെയുള്ള ജനാധിപത്യബോധം ഭാഗ്യലക്ഷ്മിക്കും കൂട്ടര്‍ക്കും ഇല്ലായെന്നതാണ് കരി ഓയില്‍ പ്രയോഗത്തിലൂടെ വെളിവാകുന്നത്.
കേരളത്തിലെ മുഴുവന്‍ സ്ത്രീകള്‍ക്കും വേണ്ടിയാണ് തനിക്കിത് ചെയ്യേണ്ടി വന്നതെന്ന ഭാഗ്യലക്ഷ്മിയുടെ വാദവും വെള്ളംതൊടാതെ വിഴുങ്ങാന്‍ ബുദ്ധിമുട്ടുണ്ട്. കാരണം സ്ത്രീകള്‍ക്കുവേണ്ടി പ്രതിഷേധിക്കാന്‍ അവര്‍ ഉപയോഗിച്ച വാക്കുകളും കേരളം കേട്ടതാണ്. സൈബര്‍ കുറ്റം ചെയ്തുവെന്ന് സംശയലേശമന്യേ പറയാന്‍ സാധിക്കുന്ന വിജയ്.പി.നായര്‍ക്കെതിരെ പ്രതിഷേധിച്ചത് അയാളുടെ അമ്മയെ തെറിപറഞ്ഞുകൊണ്ടാണ് എന്നുള്ളതാണ് വിരോധാഭാസം. സമൂഹമാധ്യമങ്ങളിലെ സൂപ്പര്‍താരങ്ങളായ ട്രോളന്മാര്‍ ഏറ്റെടുത്തിരിക്കുന്ന പ്രധാന വിഷയവും ഇതുതന്നെയാണ്. സ്ത്രീകളെ തെറിപറഞ്ഞുകൊണ്ട് സ്ത്രീകള്‍ക്കുവേണ്ടി നടത്തുന്ന പ്രതിഷേധം ഒരു തമാശയായി ജനങ്ങള്‍ക്ക് തോന്നിയാല്‍ അവരെ എങ്ങനെ കുറ്റംപറയാനാകും. വിജയ്.പി.നായര്‍ സൈക്കോളജിയില്‍ ഡോക്ടറേറ്റ് നേടിയെന്ന അവകാശവാദം വ്യാജമാണെന്ന വിവരവും പുറത്തുവരുന്നുണ്ട്. അങ്ങനെയെങ്കില്‍ അയാള്‍ ചെയ്തിരിക്കുന്നത് സൈബര്‍ കുറ്റകൃത്യം മാത്രമല്ല. വ്യാജ രേഖയുണ്ടാക്കിയതിനും വഞ്ചനാക്കുറ്റത്തിനും അയാളുടെ പേരില്‍ കേസെടുക്കേണ്ടതാണ്.
സമൂഹത്തില്‍ പലതരത്തിലുള്ള അക്രമങ്ങളും നിയമലംഘനങ്ങളും നടക്കുന്നുണ്ട്. അതിനൊക്കെ തടയിടാനും പ്രശ്‌നങ്ങള്‍ പരിഹരിക്കാനും വേണ്ടിയാണ് രാജ്യത്ത് നീതിന്യായ വ്യവസ്ഥയില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന നിയമ സംവിധാനങ്ങള്‍ ജനങ്ങളുടെതന്നെ നികുതിപ്പണം ഉപയോഗിച്ച് നിലനിര്‍ത്തിയിട്ടുള്ളത്. എന്നാല്‍ ഈ നിയമസംവിധാനങ്ങളുടെ പരിരക്ഷ ലഭിക്കുന്നില്ലായെന്ന് രാജ്യത്തെ ഏതെങ്കിലുമൊരു പ്രജയ്ക്ക് തോന്നിയാല്‍ അത് നിയമസംവിധാനങ്ങളെ നിയന്ത്രിക്കുന്നവരുടെ പരാജയമാണെന്നും പറയാതെ വയ്യ.
സ്ത്രീ സമത്വത്തിന് വേണ്ടി വനിതാമതില്‍ കെട്ടാന്‍ നേതൃത്വം കൊടുത്ത മുഖ്യമന്ത്രിയും പൊതു ഇടം എന്റേതുകൂടിയാണെന്ന മുദ്രാവാക്യം മുഴക്കി രാത്രി നടത്തത്തിന് മുന്നില്‍നിന്ന ആരോഗ്യവകുപ്പ് മന്ത്രിയും ഒക്കെ ഈ സംഭവത്തിന് ഉത്തരം പറയാന്‍ ബാധ്യസ്ഥരാണ്. നിയമസംവിധാനങ്ങളുടെ ശരിയായ നടത്തിപ്പിനാണ് തങ്ങളെ ജനങ്ങള്‍ ചെല്ലുംചെലവും തന്ന് നിയോഗിച്ചിരിക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ ഓര്‍ക്കേണ്ടതാണ്.
രാജ്യത്ത് ഒരു ഭരണകൂടം ഉണ്ടായാല്‍ മാത്രം പോരാ, ഭരണം ശരിയായ രീതിയില്‍ നടക്കുന്നുവെന്ന തോന്നല്‍ ജനത്തിന് ഉണ്ടാവുകയും വേണമെന്ന കാറല്‍ മാര്‍ക്‌സിന്റെ വചനം അധികാരത്തിലിരിക്കുന്നവര്‍ പാലിക്കുക കൂടി വേണം. ഇല്ലെങ്കില്‍ ഇതുപോലെ നിയമം കയ്യിലെടുത്തുകൊണ്ടുള്ള വൈകാരിക പ്രകടനങ്ങള്‍ സമൂഹം ഇനിയും കാണേണ്ടിവരും. അത് മാതൃകയാക്കാന്‍ ഒരു ജനത തീരുമാനിച്ചാലുണ്ടാകുന്ന ഭവിഷ്യത്ത് ഭയാനകവുമായിരിക്കും.
എന്തായാലും ഈ വിഷയത്തെ വൈകാരികമായി സമീപിക്കാതെ ജനാധിപത്യപരമായി കേരള സമൂഹം ചര്‍ച്ച ചെയ്യേണ്ടതുണ്ട്. ഒരു തെറ്റിനുള്ള പരിഹാരം മറ്റൊരു തെറ്റുകൊണ്ടാവരുത്. ഭാഗ്യലക്ഷ്മിയുടെയും കൂട്ടരുടെയും പ്രതിഷേധം ഒരു മാതൃകാ സന്ദേശമായി കാണാന്‍ കേരള സമൂഹത്തിന് കഴിയില്ലായെന്ന് പറയുന്നതും അതുകൊണ്ടുതന്നെയാണ്.