Breaking News

അബ്ദുല്ലക്കുട്ടി ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍; തേജസ്വി സൂര്യ യുവമോര്‍ച്ച ദേശീയ അധ്യക്ഷന്‍

ന്യൂഡല്‍ഹി: എ.പി.അബ്ദുല്ലക്കുട്ടിയെ ബി.ജെ.പി പാര്‍ട്ടി ദേശീയ ഉപാധ്യക്ഷന്‍ ആയി തെരഞ്ഞെടുത്തു. സിപിഎം വിട്ട് കോണ്‍ഗ്രസില്‍ ചേരുകയും അവിടെനിന്ന് ബിജെപിയിലേക്കു കൂടുമാറുകയും ചെയ്ത എ.പി.അബ്ദുല്ലക്കുട്ടി വളരെ പെട്ടെന്നാണ് പാര്‍ട്ടിയുടെ ദേശീയ ഉപാധ്യക്ഷ പദവിയിലേക്ക് എത്തുന്നത്. അബ്ദുല്ലക്കുട്ടിയെ ദേശീയ ഉപാധ്യക്ഷ പദവിയിലെത്തിക്കുന്നതിലൂടെ ഭാവിയില്‍ ന്യൂനപക്ഷ വിഭാഗങ്ങളുടെ പിന്തുണ കൂടി നേടിയെടുക്കുക എന്നതാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡയാണ് പുതിയ പാര്‍ട്ടി ഭാരവാഹികളെ പ്രഖ്യാപിച്ചത്. 12 ഉപാധ്യക്ഷരും എട്ട് ജനറല്‍ സെക്രട്ടറിമാരും പട്ടികയിലുണ്ട്. കേരളത്തിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് ആര്‍ക്കും ദേശീയ ഭാരവാഹിപ്പട്ടികയില്‍ ഇടംകിട്ടിയില്ല.
കൃഷ്ണദാസ് പക്ഷത്തേയും ശോഭാ സുരേന്ദ്രനേയും പുനഃസംഘടനയില്‍ തഴഞ്ഞു. ടോം വടക്കനെ ദേശീയ വക്താവായും തേജസ്വി സൂര്യയെ യുവമോര്‍ച്ച അധ്യക്ഷനായും തിരഞ്ഞെടുത്തു. പൂനം മഹാജനു പകരമാണ് തേജസ്വി സൂര്യ യുവമോര്‍ച്ച അധ്യക്ഷ സ്ഥാനത്തേയ്ക്ക് എത്തുന്നത്. ബി.എല്‍.സന്തോഷ് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി തുടരും. എന്‍ടിആറിന്റെ മകള്‍ പുരന്ദേശ്വരിയും ജനറല്‍ സെക്രട്ടറിമാരുടെ പട്ടികയിലുണ്ട്.
റാം മാധവ്, മുരളീധര്‍ റാവു, അനില്‍ ജെയിന്‍ എന്നിവരെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി. ദേശീയ വക്താക്കളുടെ എണ്ണം 23 ആക്കി വര്‍ധിപ്പിച്ചു. അനില്‍ ബലൂനി എംപിയാണ് മുഖ്യവക്താവ്. മീഡിയ ചുമതലയും അദ്ദേഹത്തിനായിരിക്കും. നിര്‍ണായകമായ ബിഹാര്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് പാര്‍ട്ടി പുനഃസംഘടന.

Related posts

Leave a Reply

Your email address will not be published. Required fields are marked *