ജയകൃഷ്ണ ലക്ഷ്മി

കടലോളം ആഴമുള്ള ആസ്വാദക മനസ്സുകളില്‍ നോവിന്റെ ഉപ്പു പുരട്ടിക്കൊണ്ടാണ് എസ്.പി.ബി എന്ന എസ്.പി.ബാലസുബ്രമണ്യം കാലയവനികയക്കുള്ളില്‍ മറഞ്ഞത്. മരണം എന്ന അപ്രിയസത്യം സമ്മാനിക്കുന്ന വേര്‍പാടിന്റെ ആഴം മനസിലാക്കിത്തരാന്‍ എസ്.പി.ബിയുടെ വിയോഗത്തിന് സാധിക്കുന്നുവെങ്കില്‍ അത് ആ ഗാനമാധുര്യം നുകരാന്‍ അവസരം ലഭിച്ചത് ഒന്നുകൊണ്ടുമാത്രമാണ്. സംഗീതപ്രേമികളുടെ കണ്ണീരോടെയുള്ള പ്രാര്‍ത്ഥനകള്‍ വിഫലമാക്കിക്കൊണ്ടാണ് എസ്.പി.ബി നിത്യശാന്തിയിലേക്ക് നടന്നകന്നത്.
ആന്ധ്രാപ്രദേശിലെ നെല്ലൂരില്‍ 1946 ജൂണ്‍ 4ന് എസ്.പി.സാംബമൂര്‍ത്തിയുടെയും ശകുന്തളാമ്മയുടെയും മകനായി എസ്.പി.ബാലസുബ്രഹ്മണ്യം ജനിച്ചു. എസ്.പി.ബിയെ ഒരു എഞ്ചിനീയര്‍ ആക്കാനായിരുന്നു പിതാവ് ആഗ്രഹിച്ചിരുന്നത്. അതിനുവേണ്ടി അനന്തപൂരിലെ ജെ.എന്‍.ടി.യു എന്ന എഞ്ചിനീയറിംഗ് കോളേജില്‍ അഡ്മിഷനും നേടി. പക്ഷേ ടൈഫോയിഡ് പിടിപെട്ടതിനാല്‍ അദ്ദേഹത്തിന് അവിടുത്തെ വിദ്യാഭ്യാസം തുടരാന്‍ സാധിച്ചില്ല.
അതിനുശേഷം അദ്ദേഹം ചെന്നൈയിലെ ഇന്‍സ്റ്റിട്ട്യൂഷന്‍ ഓഫ് എഞ്ചിനിയേഴ്‌സില്‍ അഡ്മിഷന്‍ എടുത്തു. പക്ഷേ, അപ്പോഴും അദ്ദേഹം സംഗീതം എന്ന മന്ത്രം ജീവവായുപോലെ ഉരുവിട്ടുകൊണ്ടിരുന്നു. ഗാനോപാസകനാവാന്‍ കാലം കല്‍പിച്ച് ജന്മമെടുത്തവന്റെ നാവില്‍നിന്നും സംഗീതത്തിന് മാറിനില്‍ക്കാനാവില്ലല്ലോ.

സംഗീതമത്സരങ്ങളിലെ പ്രകടനങ്ങളുടെ മികവില്‍ വെള്ളിത്തിരയുടെ വിസ്മയലോകത്തേക്ക് ഉയര്‍ന്നുവന്ന പ്രതിഭയായിരുന്നു എസ്.പി.ബി. തെന്നിന്ത്യന്‍ സിനിമാരംഗം അടക്കിവാഴുന്ന സംഗീതസംവിധായകന്‍ ഇളയരാജ, പ്രമുഖ ഗായകനും സംഗീത സംവിധായകനും ഗാനരചയിതാവുമായ ഗംഗൈ അമരന്‍, ഹാര്‍മോണിയത്തില്‍ വിസ്മയം പൊഴിക്കാന്‍ സാധിച്ചിരുന്ന പ്രതിഭാധനനായ അനിരുദ്ധ എന്നിവരടങ്ങിയ ഒരു ലൈറ്റ് മ്യൂസിക് ട്രൂപ്പിന്റെ നായകസ്ഥാനം ഏറ്റെടുക്കാനുള്ള നിയോഗം എസ്.പി.ബിക്കായിരുന്നു. അവിടെനിന്നായിരുന്നു എസ്.പി.ബി എന്ന സിനിമാപിന്നണി ഗായകന്‍ എന്ന നിലയിലേക്കെത്തിയത്.
1966-ല്‍ ശ്രീ ശ്രീ ശ്രീ മര്യാദരാമണ്ണ എന്ന ചിത്രത്തിലൂടെയായിരുന്നു അദ്ദേഹം ചലച്ചിത്ര പിന്നണിഗായകരംഗത്തേക്ക് കടന്നുവന്നത്. അതിനുശേഷം ഇന്നുവരെ പതിനൊന്നോളം ഇന്ത്യന്‍ ഭാഷകളില്‍ 40000-ഓളം ഗാനങ്ങള്‍ പാടാന്‍ എസ്.പി.ബിക്ക് സാധിച്ചു.
ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ അദ്ദേഹം പാടിയത് തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലാണ്. ദക്ഷിണേന്ത്യയിലെ എല്ലാ പ്രമുഖ സംഗീത സംവിധായകരും അദ്ദേഹത്തിന്റെ ശബ്ദത്തില്‍ തങ്ങളുടെ ഗാനങ്ങള്‍ ലോകത്തെ കേള്‍പ്പിക്കാന്‍ ആഗ്രഹിച്ചിരുന്നു. കേളെടി കണ്‍മണി എന്ന ചിത്രത്തില്‍ മണ്ണില്‍ ഇന്ത കാതല്‍ എന്ന ഗാനത്തിന്റെ ചരണം മുഴുവന്‍ ശ്വാസമടക്കിപ്പിച്ച് പാടിയപ്പോള്‍ സംഗീതലോകവും അത് ആസ്വദിച്ചത് ശ്വാസമടക്കിപ്പിടിച്ചായിരുന്നു.
മലയാള സിനിമയ്ക്കും എസ്.പി.ബി നല്‍കിയ സംഭാവനകള്‍ ചെറുതല്ല, ഒരുനാളും മറക്കാവുന്നതുമല്ല. മലയാളികളുടെ ആസ്വാദകമനസിന്റെ താരാപഥങ്ങളില്‍ വസന്തം പൊഴിക്കാനും എസ്.പി.ബി എന്ന ഗായകന് സാധിച്ചു. ആ ഗാനങ്ങളൊക്കെയും അനശ്വരമായിത്തന്നെ കല്പാന്തകാലത്തോളം തിളങ്ങിനില്‍ക്കും.
ചുരുക്കത്തില്‍പ്പറഞ്ഞാല്‍, നാദവിസ്മയത്തില്‍ ലയിച്ച് ഇന്ത്യന്‍ സംഗീതലോകം കാലവും സമയവും മറന്നു. ആ നാദമാധുര്യം നുണയാന്‍ വിവിധങ്ങളായ സംസ്‌ക്കാരങ്ങളുടെ പിന്‍മുറക്കാര്‍ക്ക് ഭാഷ പ്രശ്‌നമായില്ല, വേഷം പ്രശ്‌നമായില്ല, ദേശവും ദേശാടനങ്ങളും പ്രശ്‌നമായില്ല. സര്‍വ്വവും എസ്.പി.ബാലസുബ്രഹ്മണ്യം എന്ന പേരില്‍ അലിഞ്ഞ ദശാബ്ദങ്ങള്‍ നീണ്ട മധുരഗാനങ്ങളുടെ വസന്തകാലം. ആ വസന്തകാലത്തിന് തിരശ്ശീല വീഴുമ്പോള്‍ ഒന്നു പറയട്ടെ. അല്ലയോ മഹാനുഭാവാ, ഓരോ സംഗീതപ്രേമിയുടെയും മനസ്സില്‍ ഒരായിരം പൂര്‍ണ്ണചന്ദ്രന്റെ ശോഭയോടെ അങ്ങ് വിളങ്ങിനില്‍ക്കും. എന്നും എപ്പോഴും….