
ചെന്നൈ: സംഗീതലോകത്തെ കണ്ണീരിലാഴ്ത്തിക്കൊണ്ട് ദക്ഷിണേന്ത്യന്‍ സംഗീത ചക്രവര്‍ത്തി എസ്.ബി.ബാലസുബ്രഹ്മണ്യം വിടവാങ്ങി. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഉച്ചയോടെയായിരുന്നു അന്ത്യം. കഴിഞ്ഞ ഓഗസ്റ്റ് 5ന് കോവിഡ് പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയെത്തുടര്‍ന്ന് കോവിഡ് 19 ല്‍നിന്നും മോചിതനായെങ്കിലും ശ്വസകോശസംബന്ധമായ അസുഖത്തില്‍ പുരോഗതിയില്ലാത്തതിനാല്‍ ആശുപത്രിയില്‍ത്തന്നെ തുടരുകയായിരുന്നു. ഓഗസ്റ്റ് 13 ന് എസ്പിബിയുടെ ശരീരത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞിരുന്നു. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. വെന്റിലേറ്റര്‍ സഹായം നല്കി. പ്ലാസ്മ തെറപ്പിക്കും വിധേയനായി. പിന്നീട് അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി സെപ്റ്റംബര്‍ 19ന് മകന് എസ്.പി.ചരണ്‍ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ എസ്പിബിയുടെ ആരോഗ്യനില ഭേദമാകുകയും ആശുപത്രിയില്‍ വിവാഹ വാര്‍ഷികം ആഘോഷിക്കുകയും ചെയ്തിരുന്നു. ആരോഗ്യം നന്നാകുന്നുവെന്നു കാണിച്ച് എസ്പിബി തന്നെ വിഡിയോയും പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പെട്ടെന്നു സ്ഥിതി വഷളായി എന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
എസ്.പി.ബി അതീവ ഗുരുതരാവസ്ഥയില്‍ ആണെന്ന മെഡിക്കല്‍ ബുള്ളറ്റിന് പുറത്തുവന്നതോടെ ആ നാദമാധുരി നിലയ്ക്കരുതേയെന്ന പ്രാര്‍ത്ഥനയിലായിരുന്നു ആരാധകരും സംഗീതലോകവും. നിരവധി സംഗീതപ്രേമികളാണ് അദ്ദേഹത്തിന്റെ ആയുരാരോഗ്യ സൗഖ്യത്തിനായി ക്ഷേത്രങ്ങളിലും മറ്റും പ്രാര്‍ത്ഥനയോടെ കാത്തിരുന്നത്. ഓഗസ്റ്റ് 20ന് അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി തമിഴ്നാട്ടിലുടനീളം സംഗീതാര്ത്തന നടന്നിരുന്നു. ആ പ്രാര്‍ത്ഥനകളും കാത്തിരിപ്പുകളും വിഫലമാക്കിയാണ് അദ്ദേഹം നിത്യശാന്തിയിലേക്ക് മറഞ്ഞത്.
മലയാള മണ്ണിനും അദ്ദേഹത്തിന്റെ വിയോഗം ഒരു തീരാനഷ്ടമാണ്. മലയാളികളുടെ ആസ്വാദനമനസ്സിന്റെ താരാപഥങ്ങളില്‍ ഗാനമാധുരി പൊഴിച്ച എസ്.പി.ബി നിരവധി നല്ല ഗാനങ്ങള്‍ മലയാള സിനിമയ്ക്ക് നല്‍കിയിട്ടുണ്ട്.
എസ്.പി.ബിയുടെ മൃതദേഹം ഇസിആര്‍ റോഡിലെ വസതിയിലെത്തിക്കും. പത്മശ്രീയും പത്മഭൂഷണും നല്കി രാജ്യം ആദരിച്ചിട്ടുണ്ട്. മികച്ച ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ആറുതവണ നേടി. നടന്, സംഗീത സംവിധായകന്, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്നീ നിലകളിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. ഭാര്യ: സാവിത്രി. മക്കള്‍: പിന്നണി ഗായകനും നിര്‍മാതാവുമായ എസ്.പി.ചരണ്‍, പല്ലവി.