Breaking News

പി.എം.ഇ.ജി.പി ലോൺ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; കുടുംബം കടക്കെണിയിൽ

കല്ലമ്പലം: പി.എം.ഇ.ജി.പി പദ്ധതിയിൽ 10 ലക്ഷം രൂപയുടെ ലോൺ അനുവദിച്ചുനൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തതായി ആരോപണം. തട്ടിപ്പിനിരയായ കുടുംബം കടക്കെണിയിലായതായി പരാതിയുമായി രംഗത്ത്.

ചാത്തന്നൂർ മീനാട് ചിറക്കര കല്ലിങ്കൽ വീട്ടിൽ പ്രസന്നകുമാരി അമ്മയും കുടുംബവുമാണ് പരാതിക്കാർ. പത്ത് വർഷത്തോളം വിദേശത്ത് കഴിഞ്ഞിരുന്ന പ്രസന്നകുമാരി നാട്ടിൽ തിരിച്ചെത്തിയ ശേഷം ഉപജീവനത്തിനായി കാറ്ററിംഗ് സർവീസ് ആരംഭിക്കുന്നതിനായി ലോൺ തേടുന്നതിനിടെയാണ് തട്ടിപ്പിനിരയായതെന്നാണ് ആരോപണം.

തഴുത്തല സ്വദേശിയായ യുവതി പ്രസന്നകുമാരിയെ സമീപിച്ച് ഈടില്ലാതെ 10 ലക്ഷം രൂപയുടെ ലോൺ ശരിയാക്കാമെന്ന് വാഗ്ദാനം ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. പത്ത് പേർ വീതമുള്ള രണ്ട് ഗ്രൂപ്പുകളിലായി ഒരാൾക്ക് 10 ലക്ഷം രൂപ വീതം ആകെ രണ്ട് കോടി രൂപ ലോൺ അനുവദിക്കാമെന്നായിരുന്നു വാഗ്ദാനം.

ലോൺ അനുവദിക്കുന്ന ബാങ്കിലെ ഉദ്യോഗസ്ഥയെന്ന് പരിചയപ്പെടുത്തിയ മറ്റൊരു യുവതിയെയും ഇവർ പ്രസന്നകുമാരിക്ക് പരിചയപ്പെടുത്തിയിരുന്നു. ഇരുവരും ചേർന്ന് ലോൺ പ്രോസസിംഗ് ഫീസും ആദ്യ ഗഡുവും ഉൾപ്പെടെയുള്ള ആവശ്യങ്ങൾ പറഞ്ഞ് പലതവണയായി 15 ലക്ഷം രൂപയോളം വാങ്ങിയെന്നും പിന്നീട് ലോൺ അനുവദിക്കാതെ കബളിപ്പിച്ചെന്നുമാണ് പ്രസന്നകുമാരിയും കുടുംബവും ആരോപിക്കുന്നത്.

ഗ്രൂപ്പ് ലോണിനായി 20 പേരെ കണ്ടെത്തിയതും പ്രസന്നകുമാരിയുടെയും മക്കളുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെയായിരുന്നു. ലോൺ ലഭിക്കാതായതോടെ ഇവരിൽനിന്ന് വാങ്ങിയ തുക തിരികെ നൽകേണ്ട ബാധ്യതയും പ്രസന്നകുമാരിയുടെ കുടുംബത്തിനായി.

സംഭവത്തിൽ ചാത്തന്നൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും അന്വേഷണം കാര്യക്ഷമമായി നടക്കുന്നില്ലെന്നും നീതി വൈകുകയാണെന്നും പ്രസന്നകുമാരി ആരോപിച്ചു. കടബാധ്യത വർധിച്ചതോടെ കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും പ്രസന്നകുമാരി പറഞ്ഞു.

കല്ലമ്പലം പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് പ്രസന്നകുമാരിയും കുടുംബവും ആരോപണങ്ങൾ ഉന്നയിച്ചത്. ആരോപണങ്ങളിൽ പൊലീസ് അന്വേഷണം നടത്തി യഥാർഥ വസ്തുത പുറത്തുകൊണ്ടുവരണമെന്നും കുടുംബം ആവശ്യപ്പെട്ടു.

Related posts

Leave a Reply

Your email address will not be published. Required fields are marked *