Breaking News

വർക്കല ജാമിഅ: മന്നാനിയ്യയിൽ 18-ാമത് ബുഖാരി മജ്ലിസിന് തുടക്കം

വർക്കല: ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിലുള്ള വർക്കല ജാമിഅ: മന്നാനിയ്യാ കാമ്പസിൽ വർഷംതോറും സംഘടിപ്പിക്കുന്ന 18-ാമത് ബുഖാരി മജ്ലിസിന് ശനിയാഴ്ച (ജൂലൈ 18) തുടക്കമാകും. ആഗസ്റ്റ് 16 വരെ നീണ്ടുനിൽക്കുന്ന മജ്ലിസിൽ കേരളത്തിനകത്തും പുറത്തുനിന്നുമുള്ള പ്രമുഖ ഇസ്‌ലാമിക പണ്ഡിതന്മാർ പങ്കെടുത്ത് ഇമാം ബുഖാരി (റ)യുടെ സഹീഹുൽ ബുഖാരിയിലെ ഏഴായിരത്തിലധികം ഹദീസുകൾ പാരായണം ചെയ്യുകയും വിശദീകരിക്കുകയും ചെയ്യും.

ശനിയാഴ്ച വൈകുന്നേരം 4.30ന് ജാമിഅ: മന്നാനിയ്യാ ബുഖാരി മജ്ലിസ് ഹാളിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനം ദക്ഷിണേന്ത്യയിലെ പ്രമുഖ മതപണ്ഡിതനും സൂഫിവര്യനുമായ ആതിരാംപട്ടണം കെ.ടി. മുഹമ്മദ്കുട്ടി ഹസ്രത്ത് ആറ്റാശ്ശേരി ഉദ്ഘാടനം ചെയ്യും. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്റ് അൽഹാജ് ഒ. അബ്ദുൽ റഹ്മാൻ മൗലവി അധ്യക്ഷത വഹിക്കും.

ജാമിഅ: മന്നാനിയ്യാ ചെയർമാൻ അൽഹാജ് തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, സെക്രട്ടറി കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി, സയ്യിദ് മുത്തുക്കോയ തങ്ങൾ, ജാമിഅ: മന്നാനിയ്യാ പ്രിൻസിപ്പൽ സയ്യിദ് മുസ്തഫ ഹസ്രത്ത്, വിവിധ പണ്ഡിതന്മാർ, സാദാത്തുക്കൾ, ഉമറാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.ദിവസവും വൈകുന്നേരം 4 മുതൽ 6.30 വരെ ബുഖാരി മജ്ലിസ് നടക്കും. സ്ത്രീകൾ ഉൾപ്പെടെയുള്ള വിശ്വാസികൾക്ക് പങ്കെടുക്കുന്നതിനായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ജാമിഅ: മന്നാനിയ്യാ ഭാരവാഹികൾ അറിയിച്ചു.

വിശുദ്ധ ഖുർആനിന് ശേഷം ഏറ്റവും പ്രാമാണികമായ ഹദീസ് ഗ്രന്ഥമായി കണക്കാക്കപ്പെടുന്ന സഹീഹുൽ ബുഖാരിയുടെ പഠനവും വിശദീകരണവുമാണ് ബുഖാരി മജ്ലിസിന്റെ പ്രധാന ലക്ഷ്യം. ചടങ്ങിലേക്ക് വിശ്വാസികളെയും പൊതുജനങ്ങളെയും സംഘാടകർ സ്വാഗതം ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *