Breaking News

ഡ്യൂട്ടിക്കിടെ പരിക്കേറ്റ പോലീസുകാർക്ക് 5 ലക്ഷം രൂപ വീതം സഹായം അനുവദിക്കും: ആഭ്യന്തര മന്ത്രി

തിരുവനന്തപുരം: കാഞ്ഞങ്ങാട് ഹൈവേ പട്രോളിങ്ങിനിടെ നിർത്തിയിട്ടിരുന്ന പോലീസ് ജീപ്പിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് 5 ലക്ഷം രൂപ വീതം ധനസഹായം അനുവദിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കാലുകൾ മുറിച്ചുമാറ്റേണ്ടിവന്ന സൂരജ്, അലോഷ്യസ് എന്നീ പോലീസുകാർ നിലവിൽ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ ചികിത്സാ ചെലവുകൾക്കായി പോലീസ് വെൽഫെയർ ബ്യൂറോയിൽ നിന്ന് ആദ്യഘട്ടമായി 5 ലക്ഷം രൂപ വീതം അനുവദിക്കാൻ മന്ത്രി നിർദേശം നൽകി.

പോലീസുകാരുടെ ആരോഗ്യനില സംബന്ധിച്ച് മന്ത്രി നേരിട്ട് വിവരങ്ങൾ തേടി. മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം അറിയിച്ചു. ചികിത്സ പൂർത്തിയാക്കി ജോലിയിൽ തിരിച്ചെത്തുമ്പോൾ അവരുടെ ആരോഗ്യസ്ഥിതിക്ക് അനുയോജ്യമായ തസ്തികകളിൽ നിയമനം ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഡ്യൂട്ടിക്കിടെ അപകടത്തിൽപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥരെ സർക്കാർ കരുതലോടെ ചേർത്തുനിർത്തുമെന്നും അവരുടെ ക്ഷേമത്തിനും പുനരധിവാസത്തിനും ആവശ്യമായ എല്ലാ സഹായവും നൽകുമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. കർത്തവ്യനിർവഹണത്തിനിടെ അപകടത്തിൽപ്പെട്ട ഉദ്യോഗസ്ഥർക്കുള്ള പിന്തുണയുടെ ഭാഗമായാണ് അടിയന്തര ധനസഹായം അനുവദിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *