Breaking News

സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്രയ്ക്ക് തുടക്കം; വർക്കലയിൽ ആഘോഷപൂർവ്വം ഉദ്ഘാടനം

വർക്കല: യുഡിഎഫിന്റെ പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയിരുന്ന പ്രധാന വാഗ്ദാനങ്ങളിലൊന്നായ സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമായി. പദ്ധതിയുടെ സംസ്ഥാനതല നടപ്പാക്കലിന്റെ ഭാഗമായി വർക്കലയിലും ഉദ്ഘാടന ചടങ്ങുകൾ സംഘടിപ്പിച്ചു.

വർക്കല റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടന്ന ചടങ്ങിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം.എൻ. റോയിയുടെ അധ്യക്ഷതയിൽ മുൻ കൗൺസിലർ പി.എം. ബഷീർ പദ്ധതി ഉദ്ഘാടനം ചെയ്തു. ആദ്യ സർവീസിൽ യാത്ര ചെയ്ത വനിതാ യാത്രക്കാർക്ക് നേതാക്കൾ ആശംസകൾ നേർന്നു.

ചടങ്ങിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ അഡ്വ. ബി. ഷാലി, ഷിബു വർക്കല, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബിന്ദു, വർക്കല മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സജി വേളിക്കാട്, വർക്കല മുനിസിപ്പൽ പാർലമെന്ററി പാർട്ടി ലീഡർ പി.ജെ. നൈസാം, മുനിസിപ്പൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഡോ. ഇന്ദുലേഖ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എ.കെ. ആസാദ്, സൈദാലി, കൗൺസിലർ രാഗശ്രീ, പഞ്ചായത്ത് അംഗങ്ങളായ അഡ്വ. അസിം ഹുസൈൻ, നസീല, രജി തുടങ്ങിയവർ പങ്കെടുത്തു.

പുതിയ പദ്ധതി നിലവിൽ വന്നതോടെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്കും വിദ്യാർത്ഥിനികൾക്കും വീട്ടമ്മമാർക്കും ഉൾപ്പെടെ യാത്രാചെലവിൽ വലിയ ആശ്വാസമാകുമെന്ന് നേതാക്കൾ പറഞ്ഞു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന നിരവധി കുടുംബങ്ങൾക്ക് പദ്ധതി ഗുണകരമാകുമെന്നും അഭിപ്രായപ്പെട്ടു.

പദ്ധതിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് വർക്കലയിൽ നിരവധി സ്ത്രീകൾ കെഎസ്ആർടിസി ബസുകളിൽ സൗജന്യമായി യാത്ര ചെയ്തു. പൂക്കളും അലങ്കാരങ്ങളും കൊണ്ട് അണിയിച്ചൊരുക്കിയ ബസ് യാത്രക്കാരുടെയും നാട്ടുകാരുടെയും ശ്രദ്ധ നേടി. സ്ത്രീ ശാക്തീകരണത്തിനും പൊതുഗതാഗത ഉപയോഗം വർധിപ്പിക്കുന്നതിനും ഈ പദ്ധതി സഹായകരമാകുമെന്ന പ്രതീക്ഷയാണ് ഉയരുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *