Breaking News

ജനങ്ങളെ വലച്ച വെള്ളക്കെട്ട് നീങ്ങി; അടിയന്തര ഇടപെടലുമായി ആറ്റിങ്ങൽ നഗരസഭ

7 വർഷത്തെ വെള്ളക്കെട്ട് ദുരിതത്തിന് പരിഹാരം

ആറ്റിങ്ങൽ: കഴിഞ്ഞ ഏഴ് വർഷമായി പ്രദേശവാസികളെ ദുരിതത്തിലാക്കിയ വെള്ളക്കെട്ടിന് ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ എം. പ്രദീപിന്റെ നേരിട്ടുള്ള ഇടപെടലിലൂടെ പരിഹാരമായി. നഗരസഭയുടെ 5, 6 വാർഡുകളുടെ അതിർത്തി പങ്കിടുന്ന തച്ചൂർകുന്ന്–കൈരളി ജംഗ്ഷൻ റോഡിലെ വെള്ളക്കെട്ടാണ് നീക്കം ചെയ്തത്.സ്വകാര്യ വ്യക്തി ചുറ്റുമതിൽ നിർമിച്ച് പരമ്പരാഗതമായി മഴവെള്ളം ഒഴുകിപ്പോയിരുന്ന ഓവ് അടച്ചതിനെ തുടർന്നാണ് പ്രദേശത്ത് വർഷങ്ങളായി വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നത്. റോഡ് നവീകരണ പ്രവർത്തനങ്ങൾ വിവിധ ഘട്ടങ്ങളിലായി നടന്നെങ്കിലും സ്വകാര്യ വ്യക്തിയുടെ എതിർപ്പിനെ തുടർന്ന് ഓവ് പുനസ്ഥാപിക്കാനുള്ള നഗരസഭയുടെ ശ്രമങ്ങൾ വിജയിച്ചിരുന്നില്ല.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയെ തുടർന്ന് റോഡിൽ മൂന്ന് അടി വരെ ഉയരത്തിൽ വെള്ളം കെട്ടിനിന്നതോടെ സമീപത്തെ വീടുകളിലേക്കും വെള്ളം കയറി. മഴക്കാലങ്ങളിൽ സ്ഥിരമായി രൂപപ്പെടുന്ന വെള്ളക്കെട്ട് കാരണം പ്രദേശവാസികൾക്ക് യാത്രയും ദൈനംദിന ജീവിതവും ഏറെ ദുഷ്കരമായിരുന്നു.നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്ന് ചെയർപേഴ്സൺ എം. പ്രദീപ് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥൻ ബിജുവിനും ശുചീകരണ തൊഴിലാളികൾക്കുമൊപ്പം സ്ഥലത്തെത്തി. സ്വകാര്യ വ്യക്തി നിർമിച്ചിരുന്ന കോൺക്രീറ്റ് അടിത്തറ പൊളിച്ചുനീക്കി അടഞ്ഞുകിടന്ന ഓവ് പുനസ്ഥാപിച്ചു. പണി തടസപ്പെടുത്താനുള്ള ശ്രമങ്ങളും അധികൃതർ മറികടന്നു.

ഏകദേശം 10 തൊഴിലാളികൾ രണ്ട് മണിക്കൂറിലധികം നടത്തിയ ശ്രമഫലമായി 100 മീറ്ററോളം നീളത്തിൽ രൂപപ്പെട്ടിരുന്ന വെള്ളക്കെട്ട് പൂർണമായും ഒഴിവാക്കാനായി. ഇതിനൊപ്പം സമീപ റോഡിൽ ശ്രദ്ധയിൽപ്പെട്ട മറ്റൊരു വെള്ളക്കെട്ടും പരിഹരിച്ചു. മഴവെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് തടയുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പ്രകൃതിദത്ത തോടുകളും നീർച്ചാലുകളും ഓടകളും നികത്തുകയോ അടയ്ക്കുകയോ ചെയ്യുന്നത് ഒഴിവാക്കണമെന്നും ചെയർപേഴ്സൺ എം. പ്രദീപ് അറിയിച്ചു.

ആറ്റിങ്ങൽ നഗരസഭ വാർഡ് 5, 6 പ്രദേശങ്ങളിലെ നൂറുകണക്കിന് വിദ്യാർത്ഥികളും തൊഴിലാളികളും ദിവസേന ആശ്രയിക്കുന്ന പ്രധാന പാതയാണ് തച്ചൂർകുന്ന്–കൈരളി ജംഗ്ഷൻ റോഡ്. വർഷങ്ങളായി നിലനിന്നിരുന്ന വെള്ളക്കെട്ട് കാരണം യാത്രക്കാർക്കും പ്രദേശവാസികൾക്കും വലിയ ദുരിതമാണ് അനുഭവിക്കേണ്ടി വന്നത്. പ്രശ്നത്തിന് പരിഹാരം കാണുന്നതിൽ കാലതാമസം നേരിട്ടതിനെ തുടർന്ന് പൊതുജനങ്ങൾക്കിടയിൽ വ്യാപകമായ അമർഷവും ഉയർന്നിരുന്നു. ഓവ് അടച്ച സ്വകാര്യ വ്യക്തിക്കെതിരെ നടപടിയെടുക്കാത്തത് അദ്ദേഹത്തെ സംരക്ഷിക്കുന്നതിന്റെ ഭാഗമാണെന്ന ആരോപണവും പ്രദേശവാസികൾക്കിടയിൽ ശക്തമായിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *