Breaking News

വർക്കലയിൽ സ്കൂൾ ബസുകൾക്ക് പ്രത്യേക തിരിച്ചറിയൽ സ്റ്റിക്കർ

സുരക്ഷ ശക്തമാക്കി മോട്ടോർ വാഹന വകുപ്പ്; ഫിറ്റ്നസ് നേടിയ വാഹനങ്ങൾക്ക് മാത്രം അനുമതി

വർക്കല: പുതിയ അധ്യയന വർഷത്തോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ യാത്രാസുരക്ഷ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി വർക്കല താലൂക്കിലെ സ്കൂൾ ബസുകൾക്ക് പ്രത്യേക തിരിച്ചറിയൽ സ്റ്റിക്കർ സംവിധാനം ഏർപ്പെടുത്തി മോട്ടോർ വാഹന വകുപ്പ്. സർക്കാർ, അർധസർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ റോഡ് ഫിറ്റ്നസ് നേടിയ വാഹനങ്ങൾക്കാണ് പ്രത്യേക സ്റ്റിക്കർ അനുവദിക്കുന്നത്.

സ്കൂൾ വാഹനങ്ങളുടെ സുരക്ഷാ പരിശോധനകൾ കർശനമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. വിദ്യാലയങ്ങൾ പ്രവർത്തനം ആരംഭിച്ച ശേഷം വിദ്യാർത്ഥികളുമായി സർവീസ് നടത്തുന്ന വാഹനങ്ങൾ നിയമാനുസൃത ഫിറ്റ്നസ് പരിശോധന പൂർത്തിയാക്കിയതാണോ എന്ന് പൊതുജനങ്ങൾക്കും പരിശോധനാ ഉദ്യോഗസ്ഥർക്കും എളുപ്പത്തിൽ തിരിച്ചറിയാൻ ഈ സ്റ്റിക്കർ സംവിധാനം സഹായകരമാകുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.മോട്ടോർ വാഹന വകുപ്പിന്റെ നിർദേശപ്രകാരം ഇതിനകം 200-ലധികം സ്കൂൾ വാഹനങ്ങൾ സ്റ്റിക്കർ പതിപ്പിക്കുന്നതിനായി എത്തിച്ചേർന്നിട്ടുണ്ട്. വാഹനങ്ങളുടെ ഫിറ്റ്നസ്, രേഖകൾ, സുരക്ഷാ ഉപകരണങ്ങൾ എന്നിവ വിശദമായി പരിശോധിച്ച ശേഷമാണ് സ്റ്റിക്കർ അനുവദിക്കുന്നത്.

റോഡ് ഫിറ്റ്നസ് നേടിയ വാഹനങ്ങൾ കോളേജ് ഗ്രൗണ്ടിൽ എത്തിച്ച് മോട്ടോർ വാഹന ഉദ്യോഗസ്ഥർ വീണ്ടും പ്രാഥമിക സുരക്ഷാ പരിശോധന നടത്തി. ഹെഡ് ലൈറ്റുകൾ, സൈഡ് ഇൻഡിക്കേറ്ററുകൾ, വൈപ്പറുകൾ, ഫസ്റ്റ് എയ്ഡ് ബോക്സ്, ഫയർ എക്സ്റ്റിങ്വിഷർ, ടയറുകൾ എന്നിവയ്ക്കൊപ്പം സ്കൂൾ വാഹനങ്ങളിലെ ജിപിഎസ് സുരക്ഷാ സംവിധാനവും സൂക്ഷ്മമായി പരിശോധിച്ചു. തുടർന്ന് വാഹനങ്ങൾ റോഡിലൂടെ ഓടിച്ചും നിലവാരം ഉറപ്പുവരുത്തി. എല്ലാ വാഹനങ്ങളുടെയും അകത്തും പുറത്തും ക്യാമറകൾ ഘടിപ്പിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.വിദ്യാർത്ഥികളുടെ സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിനായി സ്കൂൾ വാഹനങ്ങളിലെ സുരക്ഷാ മാനദണ്ഡങ്ങൾ, ഡ്രൈവർമാരുടെയും ജീവനക്കാരുടെയും ഉത്തരവാദിത്വങ്ങൾ, പാലിക്കേണ്ട മുൻകരുതലുകൾ എന്നിവ സംബന്ധിച്ച ബോധവൽക്കരണ ക്ലാസുകളും സംഘടിപ്പിച്ചു. പരിപാടി ആറ്റിങ്ങൽ ആർടിഒ ബിജു ഉദ്ഘാടനം ചെയ്തു.

നിർബന്ധിത തിരിച്ചറിയൽ സ്റ്റിക്കർ പതിപ്പിക്കാതെ സർവീസ് നടത്തുന്ന സ്കൂൾ വാഹനങ്ങൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് വർക്കല ജോയിന്റ് ആർടിഒ ഷീബ രാജൻ മുന്നറിയിപ്പ് നൽകി. വിദ്യാർത്ഥികളുടെ സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള നിയമലംഘനങ്ങൾ ഒരിക്കലും അനുവദിക്കില്ലെന്നും അവർ വ്യക്തമാക്കി.തിങ്കളാഴ്ച രാവിലെ 9 മണിയോടെ നടന്ന പരിപാടികൾക്ക് ജോയിന്റ് ആർടിഒ ഷീബ രാജൻ, എംവിഐ ദിനുപ് G, എഎംവിഐമാരായ സാം.w, സേതുകൃഷ്ണൻ G.T, ഷംനാദ് S.R, ശ്യാംകുമാർ.V എന്നിവർ നേതൃത്വം നൽകി.

Related posts

Leave a Reply

Your email address will not be published. Required fields are marked *