Breaking News

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും വിയറ്റ്നാം ഉപപ്രധാനമന്ത്രിയും ഉഭയകക്ഷി ചർച്ച നടത്തി

ഇന്തോ-പസഫിക് മേഖലയിലെ സമാധാനവും സുരക്ഷയും പ്രധാന ചർച്ചാവിഷയം

ഹനോയ്: പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് വിയറ്റ്നാം ഉപപ്രധാനമന്ത്രിയും ദേശീയ പ്രതിരോധ മന്ത്രിയുമായ ജനറൽ ഫാൻ വാൻ ജിയാങ്ങുമായി ഹനോയിൽ ഉഭയകക്ഷി ചർച്ച നടത്തി. ഇന്ത്യ-വിയറ്റ്നാം പ്രതിരോധ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വിവിധ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായി.സമുദ്ര സുരക്ഷ, പ്രതിരോധ വ്യവസായ സഹകരണം, സൈനിക പരിശീലനം, പ്രാദേശിക സ്ഥിരത എന്നിവയിൽ സഹകരണം ആഴത്തിലാക്കാനുള്ള സാധ്യതകളാണ് പ്രധാനമായും ഇരുനേതാക്കളും വിലയിരുത്തിയത്. ഇന്തോ-പസഫിക് മേഖലയിലെ സമാധാനം, സ്ഥിരത, സുരക്ഷ, നാവിഗേഷൻ സ്വാതന്ത്ര്യം എന്നിവ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഇരുരാജ്യങ്ങളും ഊന്നിപ്പറഞ്ഞു.

സൈനിക പരിശീലനം, പ്രതിരോധ വ്യവസായ സഹകരണം, സമുദ്ര സുരക്ഷാ ശേഷിവർധന, ഐക്യരാഷ്ട്രസഭയുടെ സമാധാന പരിപാലന ദൗത്യങ്ങൾ, സൈബർ സുരക്ഷ, ഉന്നതതല വിനിമയങ്ങൾ തുടങ്ങിയ മേഖലകളിൽ സഹകരണം വർധിപ്പിക്കാനും ധാരണയായി. സംയുക്ത സൈനിക അഭ്യാസങ്ങളും വിവിധ വിനിമയ പരിപാടികളും വഴി ഇരു രാജ്യങ്ങളുടെയും പ്രതിരോധ സേനകൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുമെന്നും വ്യക്തമാക്കി.

വിയറ്റ്നാമുമായി ഇന്ത്യയുടെ സമഗ്ര തന്ത്രപര പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താനുള്ള പ്രതിബദ്ധത രാജ്‌നാഥ് സിംഗ് ആവർത്തിച്ചു. പ്രതിരോധ നവീകരണത്തിനും ശേഷി വർധന പദ്ധതികൾക്കും ഇന്ത്യ പിന്തുണ തുടരുമെന്നും അദ്ദേഹം അറിയിച്ചു.
ഇന്ത്യയുടെ തുടർച്ചയായ പിന്തുണയെ ജനറൽ ഫാൻ വാൻ ജിയാങ്ങ് അഭിനന്ദിച്ചു. ഇന്ത്യ-വിയറ്റ്നാം ദീർഘകാല സൗഹൃദവും വളർന്നുവരുന്ന തന്ത്രപര പങ്കാളിത്തവും അദ്ദേഹം എടുത്തുപറഞ്ഞു.

വിയറ്റ്നാമിലെ എയർഫോഴ്സ് ഓഫീസേഴ്‌സ് കോളേജിൽ ഇന്ത്യയുടെ സഹായത്തോടെ സ്ഥാപിച്ച ഭാഷാ ലാബ് ഇരു പ്രതിരോധ മന്ത്രിമാരും ചേർന്ന് ഉദ്ഘാടനം ചെയ്തു.കൂടിക്കാഴ്ചയ്ക്ക് ശേഷം രാജ്‌നാഥ് സിംഗ് വിയറ്റ്നാം ജനറൽ സെക്രട്ടറിയും പ്രസിഡന്റുമായ ടോ ലാമിനെയും സന്ദർശിച്ചു. രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും ആശംസകൾ അദ്ദേഹം കൈമാറി. പ്രതിരോധം, സുരക്ഷ എന്നിവ ഉൾപ്പെടെയുള്ള മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താനുള്ള ഇന്ത്യയുടെ താൽപര്യവും അദ്ദേഹം അറിയിച്ചു.

ഇന്ത്യ-വിയറ്റ്നാം സമഗ്ര തന്ത്രപര പങ്കാളിത്തത്തിന്റെ വളർച്ചയിൽ സംതൃപ്തി രേഖപ്പെടുത്തിയ ഇരുനേതാക്കളും ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് വ്യക്തമാക്കി.വിയറ്റ്നാമിന്റെ മുൻ പ്രസിഡന്റും ദേശീയ നേതാവുമായ ഹോ ചി മിന്നിന്റെ 136-ാം ജന്മവാർഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ശവകുടീരത്തിൽ ആദരാഞ്ജലി അർപ്പിച്ചുകൊണ്ടാണ് രാജ്‌നാഥ് സിംഗ് സന്ദർശനം ആരംഭിച്ചത്.ഹോ ചി മിന്നിന്റെ ദർശനവും ദേശീയ വിമോചനത്തിനായുള്ള പ്രതിബദ്ധതയും തലമുറകൾക്ക് പ്രചോദനമാണെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *