Breaking News

വാസവൻ ഉപയോഗിച്ച ഇന്നോവ ക്രിസ്റ്റ ഇനി മുഖ്യമന്ത്രിക്ക്; മന്ത്രിമാർക്കും പഴയ വാഹനങ്ങൾ തന്നെ

തിരുവനന്തപുരം: മുൻ സർക്കാരിൽ മന്ത്രി വി.എൻ. വാസവൻ ഉപയോഗിച്ചിരുന്ന ഇന്നോവ ക്രിസ്റ്റ കാർ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഔദ്യോഗിക വാഹനമാകുന്നു. പുതിയ വാഹനങ്ങൾ വാങ്ങേണ്ടതില്ലെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ മുൻ മന്ത്രിമാർ ഉപയോഗിച്ചിരുന്ന വാഹനങ്ങളാണ് പുതിയ മന്ത്രിസഭാംഗങ്ങൾക്കും നൽകുന്നത്.

2024 മോഡലിലുള്ള വെള്ള നിറത്തിലുള്ള ഇന്നോവ ക്രിസ്റ്റയാണ് മുഖ്യമന്ത്രിക്കായി മാറ്റിവെച്ചിരിക്കുന്നത്. നിലവിൽ ഏറ്റവും കുറവ് ദൂരം സഞ്ചരിച്ച വാഹനവും ഇതുതന്നെയാണ്. ഏകദേശം 6000 കിലോമീറ്റർ മാത്രമാണ് കാർ ഓടിയിട്ടുള്ളത്.മുഖ്യമന്ത്രിയുടെ ഓഫീസിനായി അനുവദിച്ചിരുന്ന മറ്റൊരു വെള്ള ഇന്നോവ ക്രിസ്റ്റയും ടൂറിസം ഗാരേജിൽ സജ്ജമായി സൂക്ഷിച്ചിട്ടുണ്ട്.

മുൻ മുഖ്യമന്ത്രി പിണറായി വിജയൻ സുരക്ഷാ ആവശ്യങ്ങൾക്കായി പൊലീസ് വിഭാഗത്തിന്റെ കറുത്ത ഇന്നോവകളാണ് പ്രധാനമായും ഉപയോഗിച്ചിരുന്നത്. അതിനാൽ ഈ വാഹനം കൂടുതലായി ഉപയോഗിച്ചിട്ടില്ലെന്നാണ് വിവരം. ഔദ്യോഗിക വാഹനം അറ്റകുറ്റപ്പണികൾക്കായി മാറ്റുമ്പോൾ പകരം ഉപയോഗിക്കുന്നതിനായാണ് ഈ വാഹനം കരുതിവെക്കുന്നത്.പുതിയ മന്ത്രിസഭയിലെ അംഗങ്ങൾക്കായി ടൂറിസം വകുപ്പ് 24 ഇന്നോവ ക്രിസ്റ്റ വാഹനങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. ഇതിൽ 21 വാഹനങ്ങൾ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നൽകും. സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, ചീഫ് വിപ്പ് എന്നിവർക്ക് ഓരോ വാഹനവും അനുവദിക്കും.

വാഹന നമ്പറുകളിലും പ്രത്യേക പരിഗണന നൽകിയിട്ടുണ്ട്. ഒന്നാം നമ്പർ വാഹനം മുഖ്യമന്ത്രിക്കും രണ്ടാം നമ്പർ മുസ്ലിം ലീഗ് മന്ത്രിക്കുമായിരിക്കും. ഘടകക്ഷി നേതാക്കൾക്ക് പിന്നാലെ നമ്പറുകൾ ക്രമത്തിൽ അനുവദിക്കും. ഷിബു ബേബിജോൺ 51, കെ. മുരളീധരൻ 11, തിരുവഞ്ചൂർ രാധാകൃഷ്ണൻ 10, എ.പി. അനിൽകുമാർ 7 എന്നീ നമ്പറുകൾ ആവശ്യപ്പെട്ടതായും വിവരം. മന്ത്രിമാരുടെ ആവശ്യാനുസരണം നമ്പറുകൾ മാറ്റി നൽകുന്ന പതിവും തുടരുന്നുണ്ട്.

മുഖ്യമന്ത്രിയായി സ്ഥാനമേറ്റ സമയത്ത് പിണറായി വിജയനും വെള്ള ഇന്നോവയാണ് ഉപയോഗിച്ചിരുന്നത്. പിന്നീട് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പൊലീസ് വിഭാഗത്തിന്റെ കറുത്ത വാഹനവ്യൂഹത്തിലേക്ക് മാറുകയായിരുന്നു. വിവിഐപി വാഹനങ്ങൾക്ക് കറുത്ത നിറം ഉപയോഗിക്കണമെന്ന കേന്ദ്ര നിർദേശത്തെ തുടർന്നാണ് ഈ മാറ്റം നടപ്പാക്കിയത്. പൈലറ്റ്, എസ്കോർട്ട് വാഹനങ്ങളായിരുന്ന കറുത്ത ഇന്നോവകൾ പിന്നീട് പൊലീസിന് തിരിച്ചുനൽകിയിട്ടുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *