Breaking News

അറുപത് എസ്‌ഐമാർ കൂടി കേരള പോലീസിലേക്ക്

തിരുവനന്തപുരം: കേരള പോലീസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ 32 എ ബാച്ചിലെ 60 സബ് ഇൻസ്പെക്ടർമാരുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു. സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ സല്യൂട്ട് സ്വീകരിച്ചു.ജനങ്ങളോടുള്ള ഉത്തരവാദിത്വത്തിനാണ് പോലീസ് ഏറ്റവും മുൻഗണന നൽകേണ്ടതെന്ന് ചടങ്ങിൽ സംസാരിച്ച സംസ്ഥാന പോലീസ് മേധാവി പറഞ്ഞു. ജനങ്ങളിൽ നിന്ന് ലഭിക്കുന്ന വിശ്വാസവും ആദരവും മറ്റേതൊരു ബഹുമതിയേക്കാളും വിലപ്പെട്ടതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

പുതുതായി സേനയിലെത്തുന്ന ഉദ്യോഗസ്ഥർ കുറ്റകൃത്യങ്ങളുടെ മാറുന്ന സ്വഭാവത്തെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. “കുറ്റകൃത്യങ്ങൾ ഡിജിറ്റലാകുകയും പ്രാദേശിക സ്വഭാവം നഷ്ടപ്പെടുകയും ചെയ്ത സാഹചര്യത്തിൽ കുറ്റവാളികളെ തിരിച്ചറിയുന്നത് കൂടുതൽ പ്രയാസകരമായിരിക്കുകയാണ്. പുതിയ കാലത്തെ പോലീസിംഗിന് കായികക്ഷമതയ്‌ക്കൊപ്പം സാങ്കേതിക-സൈബർ രംഗങ്ങളിൽ പ്രാവീണ്യവും അനിവാര്യമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

2025 ഏപ്രിൽ മൂന്നിനാണ് 32 എ ബാച്ചിലെ 60 എസ്‌ഐമാരുടെ പരിശീലനം ആരംഭിച്ചത്. ഇതിൽ 47 പുരുഷന്മാരും 13 വനിതകളും ഉൾപ്പെടുന്നു. ഒരു വർഷത്തെ ഇൻഡോർ, ഔട്ട്‌ഡോർ പരിശീലനത്തിനൊപ്പം പ്രളയം പോലുള്ള പ്രകൃതി ദുരന്തങ്ങളിൽ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നാഷണൽ ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സിലെ വിദഗ്ധർ ഡിസാസ്റ്റർ മാനേജ്മെന്റിൽ പ്രായോഗിക പരിശീലനവും നൽകി.

പരേഡിൽ മികച്ച പ്രകടനം കാഴ്ചവെച്ച ബേസിൽ പോളിനെ മികച്ച ഓൾറൗണ്ടറായി തെരഞ്ഞെടുത്തു. നവനീത് എം.പി മികച്ച ഔട്ട്‌ഡോറും ബെസ്റ്റ് ഷൂട്ടറുമായി തിരഞ്ഞെടുക്കപ്പെട്ടു. കീർത്തന കെ.പി മികച്ച ഇൻഡോർ കേഡറ്റിനുള്ള പുരസ്കാരം നേടി. സംസ്ഥാന പോലീസ് മേധാവി വിജയികൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു.

കേരള പോലീസ് അക്കാദമി ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ അക്കാദമി ഐജിയും ഡയറക്ടറുമായ കെ. സേതുരാമൻ, ഐജി നോർത്ത് സോൺ രാജ്പാൽ മീണ, ജില്ലയിലെ മറ്റ് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *