Breaking News

വർക്കലയിൽ റിസോർട്ട് മാനേജർക്കു നേരെ ആക്രമണം; നാലുപേർ അറസ്റ്റിൽ

വർക്കല: പാപനാശം ബീച്ചിലെ റിസോർട്ടിൽ മാനേജർക്കു നേരെ ക്രൂര മർദ്ദനം. റൊമാൻസ് ഹൗസ് എന്ന റിസോർട്ടിലെ മാനേജർ കൃഷ്ണകുമാറിനെയാണ് തമിഴ്നാട്ടിൽ നിന്നെത്തിയ നാലംഗ സംഘം ആക്രമിച്ചത്.

ശനിയാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് സംഭവം. സെക്യൂരിറ്റി ജീവനക്കാരന്റെ കസേരയിൽ ഇരുന്നതിനെതിരെ മാനേജർ ചോദ്യം ചെയ്തതിനെ തുടർന്ന് വാക്കുതർക്കം ഉണ്ടായതായാണ് വിവരം. തുടർന്ന് റിസോർട്ടിനുള്ളിലേക്ക് നടന്നുകയറിയ മാനേജരെ പിന്നാലെ എത്തിയ പ്രതികളിൽ ഒരാൾ ചവിട്ടി താഴെയിട്ടു. നിലത്ത് വീണ മാനേജരെ വലിച്ചിഴച്ച് പുറത്തേക്കു കൊണ്ടുവന്ന് സംഘം ചേർന്ന് മർദ്ദിച്ചു.

ഇതിനിടെ പ്രതികളിൽ ഒരാൾ കരിങ്കൽ കഷണം ഉപയോഗിച്ച് മുഖത്ത് അടിച്ചതിനെ തുടർന്ന് മാനേജരുടെ മൂക്കിന് ഗുരുതരമായി പരിക്കേറ്റു. മൂക്കിന്റെ അസ്ഥി തകർന്ന നിലയിലാണ്.
പരിക്കേറ്റ കൃഷ്ണകുമാറിനെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് കന്യാകുമാരി അഗസ്തീശ്വരം സ്വദേശികളായ റാസ്ബിൻ രാജേഷ് (19), വിവൻ അലിഫർ വിനോദ് (20), ഹെർസൺ സ്റ്റേർലിംഗ് (19), ജോയൽ ജോസെറ്റിൻ ലളിത് (21) എന്നിവരെ വർക്കല പോലീസ് അറസ്റ്റ് ചെയ്തു.

വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് പ്രദേശവാസികളുടെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായവരെ നിയമനടപടികൾ പൂർത്തിയാക്കി ഞായറാഴ്ച കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതായി പോലീസ് അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *