Breaking News

വർക്കലയിൽ വീണ്ടും വി ജോയി: എൽഡിഎഫിന്റെ വിശ്വാസ മുഖം

വർക്കല:വർക്കല നിയോജക മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥിയായി വി. ജോയി മൂന്നാം തവണ ജനവിധി തേടുകയാണ്. 2016ലും 2021ലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മികച്ച വിജയം നേടിയ അദ്ദേഹം വർക്കല മണ്ഡലത്തിൽ ശക്തമായ രാഷ്ട്രീയ സ്വാധീനം സ്ഥാപിച്ച നേതാവാണ്. കഴിഞ്ഞ പതിറ്റാണ്ടിലേറെയായി വർക്കല, ചിറയിൻകീഴ്, ആറ്റിങ്ങൽ, കിളിമാനൂർ താലൂക്കുകളിലായി പൊതുജീവിതത്തിൽ സജീവമായി പ്രവർത്തിക്കുന്ന വി. ജോയി ജനങ്ങളുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവെന്ന നിലയിൽ ശ്രദ്ധേയനാണ്. മണ്ഡലത്തിൽ ഏകദേശം 1500 കോടിയോളം രൂപയുടെ വിവിധ വികസന പ്രവർത്തനങ്ങൾ നടപ്പാക്കിയതും അദ്ദേഹത്തിന്റെ പ്രവർത്തനശൈലിയെ പ്രതിഫലിപ്പിക്കുന്നതാണ്.

തിരുവനന്തപുരം ജില്ലയിലെ തീരദേശ ഗ്രാമമായ ചിറയിൻകീഴ് പെരുങ്ങുഴി അഴൂരിൽ നിന്നാണ് വി. ജോയിയുടെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. വിദ്യാർത്ഥി പ്രസ്ഥാനങ്ങളിലൂടെ പൊതുജീവിതത്തിലേക്ക് കടന്നുവന്ന അദ്ദേഹം പിന്നീട് സിപിഐ(എം)യുടെ പ്രമുഖ നേതാക്കളിലൊരാളായി വളർന്നു. 2016ൽ വർക്കല നിയോജക മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച അദ്ദേഹം രണ്ടായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയിച്ചു. 2021ലെ തെരഞ്ഞെടുപ്പിൽ പതിനെട്ടായിരത്തിലധികം വോട്ടുകളുടെ വലിയ ഭൂരിപക്ഷത്തിൽ വീണ്ടും വിജയിച്ച് മണ്ഡലം നിലനിർത്തുകയും ചെയ്തു. നിലവിൽ സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗവും കേരള കർഷക സംഘം സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമാണ്. 2023 മുതൽ പാർട്ടിയുടെ ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചു വരുന്നു.

വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് വി. ജോയിയുടെ പൊതുപ്രവർത്തന ജീവിതം ആരംഭിച്ചത്. ചിറയിൻകീഴ് ശ്രീചിത്തിര വിലാസം സ്കൂളിലെ സ്കൂൾ ലീഡറായി പ്രവർത്തിച്ച അദ്ദേഹം ചെമ്പഴന്തി എസ്.എൻ കോളേജിൽ പഠിക്കുമ്പോൾ തുടർച്ചയായി രണ്ട് വർഷം യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് കേരള സർവകലാശാല യൂണിയൻ എക്സിക്യൂട്ടീവ് അംഗവും സെനറ്റ് അംഗവുമായി പ്രവർത്തിച്ചു. എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റായും സെക്രട്ടറിയായും പ്രവർത്തിച്ച അദ്ദേഹം പിന്നീട് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ നിലകളിലും സജീവമായി പ്രവർത്തിച്ച് യുവജന പ്രസ്ഥാനങ്ങളിൽ തന്റെ കഴിവ് തെളിയിച്ചു.

പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളിലൂടെയും വി. ജോയി ഭരണപരിചയം നേടിയിട്ടുണ്ട്. രണ്ടുതവണ അഴൂർ പഞ്ചായത്ത് പ്രസിഡന്റായും ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായും തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗമായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സഹകരണ മേഖലയിലും അദ്ദേഹം സജീവ സാന്നിധ്യമാണ്. പെരുങ്ങുഴി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായും ജില്ലാ സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗമായും സംസ്ഥാന സഹകരണ ബാങ്ക് വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു. കൂടാതെ കേരള പ്രൈമറി കോപ്പറേറ്റീവ് സൊസൈറ്റീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കുമാരനാശാൻ സ്മാരക ഗവേണിംഗ് ബോർഡ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

എസ്എഫ്ഐയും ഡിവൈഎഫ്ഐയും പ്രവർത്തനകാലത്ത് നിരവധി സമരങ്ങളിൽ പങ്കെടുത്ത വി. ജോയി സമരമുഖത്ത് പൊലീസിന്റെ മർദ്ദനങ്ങളും നേരിട്ടിട്ടുണ്ട്. സമരപരിചയവും ജനങ്ങളോടുള്ള അടുപ്പവുമാണ് അദ്ദേഹത്തെ ശക്തമായ ജനനേതാവായി ഉയർത്തിയത്.

അഴൂർ പെരുങ്ങുഴി സൗഹൃദത്തിൽ പരേതരായ വിജയന്റെയും ഇന്ദിരയുടെയും മകനാണ് വി. ജോയി. ബി.എ, എൽ.എൽ.ബി ബിരുദധാരിയായ അദ്ദേഹം അഭിഭാഷകനായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ സുനിത. മക്കൾ: ഡോ. ആര്യ (ഹോമിയോ ഡോക്ടർ), ആർഷ (ഐ.ടി എഞ്ചിനീയർ). മരുമകൻ: അരുൺ (ഐ.ടി എഞ്ചിനീയർ).
വർഷങ്ങളായുള്ള പൊതുപ്രവർത്തന പരിചയവും മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളും ഒപ്പം ജനങ്ങളുമായി നിലനിൽക്കുന്ന അടുത്ത ബന്ധവുമാണ് വി. ജോയിയെ വർക്കലയിൽ എൽഡിഎഫിന്റെ പ്രധാന രാഷ്ട്രീയ മുഖമായി ഉയർത്തുന്നത്

Related posts

Leave a Reply

Your email address will not be published. Required fields are marked *