Breaking News

വർക്കലയിൽ വീണ്ടും വി.ജോയി തരംഗമോ?

വർക്കല നിയോജക മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥിയായി വി. ജോയി വീണ്ടും ജനവിധി തേടുമ്പോൾ മണ്ഡലത്തിൽ വീണ്ടും “വി ജോയി തരംഗം” ഉണ്ടാകുമോയെന്ന ചർച്ചകൾ ശക്തമാകുന്നു. 2016ലും 2021ലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ശ്രദ്ധേയമായ വിജയം നേടിയ വി. ജോയി മൂന്നാം തവണയും ജനവിധി തേടുകയാണ്.

കഴിഞ്ഞ രണ്ട് കാലയളവുകളിലായി മണ്ഡലത്തിൽ ഏകദേശം 1500 കോടിയോളം രൂപയുടെ വികസന പ്രവർത്തനങ്ങൾ നടപ്പാക്കിയതായാണ് എൽഡിഎഫ് വിലയിരുത്തുന്നത്. റോഡുകൾ, കുടിവെള്ള പദ്ധതികൾ, വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിലെ പുരോഗതി, തീരദേശ വികസന പദ്ധതികൾ എന്നിവ ഉൾപ്പെടെ നിരവധി പദ്ധതികൾ നടപ്പിലാക്കിയതിലൂടെ ജനങ്ങളുമായി അടുത്ത ബന്ധം സ്ഥാപിക്കാൻ അദ്ദേഹത്തിന് സാധിച്ചതായി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.

തിരുവനന്തപുരം ജില്ലയിലെ തീരദേശ ഗ്രാമമായ ചിറയിൻകീഴ് പെരുങ്ങുഴി അഴൂരിൽ നിന്നുയർന്ന വി. ജോയി വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുജീവിതത്തിലേക്ക് കടന്നുവന്നത്. എസ്.എഫ്.ഐയും ഡിവൈഎഫ്ഐയും വഴിയുള്ള സജീവ പ്രവർത്തനങ്ങളിലൂടെ അദ്ദേഹം ജില്ലാതല നേതാവായി ഉയർന്നു. പിന്നീട് അഴൂർ പഞ്ചായത്ത് പ്രസിഡന്റ്, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു.

2016ൽ വർക്കലയിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച അദ്ദേഹം രണ്ടായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. 2021ലെ തെരഞ്ഞെടുപ്പിൽ പതിനെട്ടായിരത്തിലധികം വോട്ടുകളുടെ വലിയ ഭൂരിപക്ഷത്തിൽ വീണ്ടും വിജയം നേടി മണ്ഡലം നിലനിർത്തുകയും ചെയ്തു. നിലവിൽ സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗവും കേരള കർഷകസംഘം സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമാണ്. 2023 മുതൽ പാർട്ടിയുടെ ജില്ലാ സെക്രട്ടറിയായും പ്രവർത്തിക്കുന്നു.

ജനങ്ങളുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവെന്ന നിലയിൽ വർക്കലയിൽ അദ്ദേഹത്തിന് ശക്തമായ പിന്തുണയുണ്ടെന്നാണ് എൽഡിഎഫ് വിലയിരുത്തുന്നത്. അതേസമയം വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ വീണ്ടും വലിയ ഭൂരിപക്ഷത്തോടെ വിജയിക്കുമോയെന്നത് രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയായിരിക്കുകയാണ്.

വർഷങ്ങളായുള്ള പൊതുപ്രവർത്തന പരിചയവും വികസന പ്രവർത്തനങ്ങളും ഒപ്പം രാഷ്ട്രീയ സംഘടനാ ശക്തിയും ചേർന്നപ്പോൾ, വർക്കലയിൽ വീണ്ടും വി. ജോയി തരംഗമുണ്ടാകുമോ എന്നതാണ് ഇപ്പോൾ രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്ന ചോദ്യം.

Related posts

Leave a Reply

Your email address will not be published. Required fields are marked *