ആറ്റിങ്ങൽ: ദേശീയപാതയിൽ ആറ്റിങ്ങൽ നഗരസഭാ കാര്യാലയ ത്തിന് സമീപം നിയന്ത്രണം തെറ്റിയ കാർ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയിൽ ഇടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. ഓട്ടോ ഡ്രൈവർക്കും യാത്രക്കാരിക്കുമാണ് പരിക്കേറ്റത്.
ആറ്റിങ്ങൽ മെട്രോ സ്കാനിന് മുന്നിൽ ഓട്ടോറിക്ഷയിൽ യാത്രക്കാരിയെ കയറ്റുന്നതിനിടെ പിന്നിൽ നിന്നെത്തിയ കാർ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയിലും സമീപത്തെ വൈദ്യുതി പോസ്റ്റിലും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ മുന്നോട്ട് നീങ്ങി മുന്നിലുണ്ടായിരുന്ന സ്കൂൾ വാനിലും ഇടിച്ചു. അപകടത്തിൽ ഡ്രൈവറും യാത്രക്കാരിയും തെറിച്ചു വീണതായി സാക്ഷികൾ പറഞ്ഞു.

പരിക്കേറ്റ ഇരുവരെയും വലിയകുന്ന് താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. യാത്രക്കാരിയുടെ പരിക്ക് ഗുരുതരമായതിനാൽ പിന്നീട് വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
മുഖത്തിന് ഗുരുതരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവർ ജയകുമാറിന് പ്ലാസ്റ്റിക് സർജറി ഉൾപ്പെടെയുള്ള വിദഗ്ധ ചികിത്സ നൽകുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു


