
കടയ്ക്കാവൂർ: കടയ്ക്കാവൂർ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ഹരിതാമൃതം ഫാർമർ പ്രൊഡ്യൂസർ കമ്പനി ഉത്പാദിപ്പിക്കുന്ന കോഴിയിറച്ചിയും അനുബന്ധ ഉത്പന്നങ്ങളും ആൻറിബയോ ട്ടിക്‌സോ, ഹോർമോണുകളോ ചേർക്കാത്തതും സുരക്ഷിതമായ ഭക്ഷ്യ പദാർത്ഥങ്ങളാണെന്നും ഹൈദരാബാദിലെ നാഷണൽ മീറ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (NMRI–ICAR) നടത്തിയ വിശദ പരിശോധന യിൽ സാക്ഷ്യപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.
നബാർഡിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന മുന്നൂറിലധികം കർഷകരുടെ കൂട്ടായ്മയായ ഹരിതാമൃതം ഫാർമർ പ്രൊഡ്യൂസർ കമ്പനി ബ്രോയിലർ കോഴി, നാടൻ കോഴി, താറാവ്, ടർക്കി, വാത്ത, കാട, കരിങ്കോഴി എന്നിവയുടെ ഇറച്ചി കടയ്ക്കാവൂർ–കീഴാറ്റിങ്ങൽ മേഖലയിൽ പ്രവർത്തിക്കുന്ന ആധുനിക അറവുശാലയിൽ ഉത്പാദിപ്പിച്ച് വിപണിയിലെത്തിക്കുന്നു.

കൂടാതെ, ആറേക്കർ വിസ്തൃതിയിൽ തുറന്നുവിട്ട് വളർത്തുന്ന ആട്, കോഴി, താറാവ് എന്നിവയും ഫ്രീ റേഞ്ച് കോഴിമുട്ട, താറാമുട്ട എന്നിവയും ഹരിതാമൃതത്തിന്റെ സ്വന്തം ഫാമിൽ നിന്നും ലഭ്യമാണെന്ന് കമ്പനി പ്രതിനിധികൾ അറിയിച്ചു.
നബാർഡിന്റെ ആസ്ഥാന മന്ദിരത്തിൽ നടന്ന ലളിതമായ ചടങ്ങിൽ ഹരിതാമൃതം ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ സി.ഇ.ഒ. ബിനു, മാനേജിങ് ഡയറക്ടർ വീണാ സുനു, ഡയറക്ടർമാരായ ശരത് ചന്ദ്രൻ, ഷെല്ലി, ശ്രീകല എന്നിവർ പങ്കെടുത്തു. ചടങ്ങിൽ നബാർഡിന്റെ അസിസ്റ്റന്റ് ജനറൽ മാനേജർ (AGM) കിരൺ ഹരിതാമൃതത്തെ ആദരിച്ചു.
