

ആറ്റിങ്ങൽ: മാർക്കറ്റ് റോഡിൽ പൊയ്കയിൽ ചന്ദ്രഗീതത്തിൽ വാടകയ്ക്ക് താമസിക്കുന്ന നടേശൻ്റെ ചെറുമകനായ പത്തുവയസുള്ള ശിവനന്ദൻ ആണ് മരിച്ചത്. കുട്ടിയുടെ അമ്മ അനു വിദേശത്താണ്. മുത്തശ്ശനോടും മുത്തശ്ശിയോടുമൊപ്പമാണ് കുട്ടി താമസിക്കുന്നത് ‘ ആറ്റിങ്ങൽ അവനവഞ്ചേരി ഹൈസ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് മരണപ്പെട്ട ശിവനന്ദൻ.
ബുധനാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ തോട്ടവാരം, ഇടയാവണം പുതിയപാലത്തിനു സമീപം വാമനപുരം നദിക്കരയിൽ കുട്ടികളായ 10 വയസ്സുള്ള ശിവനന്ദനും കൂട്ടുകാരൻ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ വിവേകും കളിക്കുകയായിരുന്നു. ഇതിനിടയിൽ നദിയിൽ കുളിക്കാൻ ഇറങ്ങിയ സമയത്താണ് വെള്ളത്തിൽ വീണ് കുട്ടികൾ അപകടത്തിൽപ്പെട്ടത്.

വെള്ളത്തിൽ നിന്നും കരയ്ക്ക് കയറി രക്ഷപ്പെട്ട ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് വിവേകാണ് മറ്റുള്ളവരെ വിവരമറിയിച്ചത്. തുടർന്ന് ആറ്റിങ്ങൽ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. അപകട വിവരമറിഞ്ഞ് ആറ്റിങ്ങൽ എംഎൽഎ ഓ.എസ് അംബികയും സ്ഥലത്തെത്തിയിരുന്നു.
ആറ്റിങ്ങൽ ഫയർഫോഴ്സിന്റെ സ്കൂബ ടീം അംഗങ്ങളായ അഖിൽ, മിഥുൻ എന്നിവർ നദിയിൽ തിരച്ചിൽ നടത്തുകയും 6 മണിയോടെ കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. കുട്ടികൾ കുളിക്കാൻ ഇറങ്ങിയ സ്ഥലത്ത് തന്നെ അല്പം മാറി ആണ് ശിവനന്ദൻറെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.ആറ്റിങ്ങൽ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു വരുന്നു .
എൽ.കെ.ജി വിദ്യാർത്ഥി ആദിഷ്,യു.കെ.ജി വിദ്യാർത്ഥി ആദിദേവ് എന്നിവർ സഹോദരങ്ങളാണ്.



