Breaking News

പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍

വര്‍ക്കല: വര്‍ക്കലയില്‍ പോലീസ് ഉദ്യോഗസ്ഥനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. വര്‍ക്കല കോവൂര്‍ ആകാശ് വീട്ടില്‍ ഹെല്‍മറ്റ് മനു എന്ന് വിളിക്കുന്ന ആരോമല്‍(24), അയിരൂര്‍ മേലേവിള വീട്ടില്‍ സുബിന്‍(23) എന്നിവരാണ് അറസ്റ്റിലായത്. അയിരൂര്‍ പോലീസ് സ്റ്റേഷനില്‍ മാത്രം പതിനൊന്നോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ആരോമല്‍. ഇയാള്‍ക്ക് ഒളിവില്‍ താമസിക്കാനുള്ള സൗകര്യങ്ങള്‍ ചെയ്തുകൊടുത്ത സുബിന്‍ മാസങ്ങള്‍ക്ക് മുമ്പ് യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പോലീസിനെ വെട്ടിച്ചുകടന്ന പ്രതിയാണ്. പോലീസ് ഉദ്യോഗസ്ഥനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരു പ്രതിയെ നേരത്തെ പിടികൂടിയിരുന്നു.

അതിസാഹസികമായാണ് ആരോമലിനെയും സുബിനെയും പിടികൂടിയത്. സംഭവത്തിന് ശേഷം പാരിപ്പള്ളി കുളമട വയലിനു മധ്യഭാഗത്തായി സ്ഥാപിച്ചിരുന്ന കാവല്‍പ്പുരയിലായിരുന്നു പ്രതി ആരോമല്‍ ഒളിവില്‍ താമസിച്ചത്. ഇവിടേക്ക് വരുന്നവരെ വളരെ ദൂരത്തുനിന്നു തന്നെ പ്രതിക്ക് കാണാന്‍ പറ്റുന്ന രീതിയിലായിരുന്നു ക്രമീകരണങ്ങള്‍. സുഹൃത്തുക്കളുടെയും നിരവധി വിലകൂടിയ ശൗര്യസ്വഭാവമുള്ള വളര്‍ത്തുനായ്ക്കളുടെ കാവലിലുമായിരുന്നു പ്രതി. ബലപ്രയോഗത്തിലൂടെ മാത്രമേ പ്രതിയെ കീഴ്‌പ്പെടുത്താന്‍ കഴിയൂവെന്ന് മനസ്സിലാക്കിയ അയിരൂര്‍ പോലീസ് വര്‍ക്കല എ.എസ്.പിയുടെ പ്രത്യേക സ്‌ട്രൈക്കര്‍ ടീമിനെയും ഉള്‍പ്പെടുത്തുകയായിരുന്നു.

വര്‍ക്കല പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ബിജുവിനെയാണ് പ്രതികള്‍ കുത്തി പരിക്കേല്‍പിച്ചത്. കഴിഞ്ഞ ആഗസ്റ്റ് 30നായിരുന്നു സംഭവം. ഇരുചക്ര വാഹനത്തില്‍ വീട്ടിലേക്ക് പോവുകയായിരുന്ന ബിജു പ്രതികളുടെ വാഹനത്തെ ഓവര്‍ടേക്ക് ചെയ്തതാണ് പ്രതികളെ പ്രകോപിച്ചത്. തുടര്‍ന്ന് ബിജുവിനെ പിന്തുടര്‍ന്ന പ്രതികള്‍ പാളയംകുന്ന് ഫാക്ടറി ജംഗ്ഷന് സമീപത്ത് വച്ച് കത്തി ഉപയോഗിച്ച് ബിജുവിന്റെ മുതുകില്‍ കുത്തുകയായിരുന്നു. വീണ്ടും കഴുത്തിന് നേരെ കുത്താന്‍ ശ്രമിക്കവേ ബിജു ബൈക്ക് വെട്ടിച്ച് നിര്‍ത്തുകയായിരുന്നു. പ്രതികള്‍ വീണ്ടും ബിജുവിന് അരികിലെത്തി ഞങ്ങളെ ഓവര്‍ടേക്ക് ചെയ്യാന്‍ ധൈര്യമുണ്ടോടായെന്ന് ആക്രോശിച്ചുകൊണ്ട് വീണ്ടും ആക്രമിക്കുകയായിരുന്നു. അതിന് ശേഷം പ്രതികള്‍ ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു.

തിരുവനന്തപുരം റൂറല്‍ എസ്.പി കിരണ്‍ നാരായണ്‍ രൂപീകരിച്ച പ്രത്യേക ദൗത്യസംഘത്തിന് വര്‍ക്കല അസി.പോലീസ് സൂപ്രണ്ട് ദീപക് ധന്‍കര്‍ ഐ.പി.എസ് മേല്‍നോട്ടം വഹിച്ചു. അയിരൂര്‍ സി.ഐ ശ്യാം.എം.ജിയുടെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ രജിത്ത്.എസ്, ഡാന്‍സാഫ് എസ്.ഐ.ബിജു, അയിരൂര്‍ പോലീസ് സ്‌റ്റേഷനിലെ മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് സര്‍ജിക്കല്‍ സ്‌ട്രൈക്കിലൂടെ പ്രതികളെ പിടികൂടിയത്. പ്രതികളെ കീഴ്‌പെടുത്തി കസ്റ്റഡിയില്‍ എടുത്ത ദൗത്യസംഘത്തെ മേലുദ്യോഗസ്ഥര്‍ അഭിനന്ദിച്ചു. അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *