Breaking News

അങ്കണവാടി ജീവനക്കാര്‍ക്ക് അമിത ജോലി; കേന്ദ്ര സര്‍ക്കാരിനെതിരെ സി.ഐ.ടി.യു പ്രതിഷേധം

ചിറയിന്‍കീഴ്: ചിറയിന്‍കീഴില്‍ അങ്കണവാടി വര്‍ക്കേഴ്‌സ് ആന്‍ഡ് ഹെല്‍പ്പേഴ്‌സ് അസോസിയേഷന്റെ (സി.ഐ.ടി.യു) നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധം. അങ്കണവാടി ജീവനക്കാര്‍ക്കുമേല്‍ അമിത ജോലിഭാരം അടിച്ചേല്‍പിക്കുന്നുവെന്ന് ആരോപിച്ചാണ് ചിറയിന്‍കീഴ് ഐ.സി.ഡി.എസ് ആഫീസിനു മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. പോഷണ്‍ മ, പോഷണ്‍ ട്രാക്കര്‍ തുടങ്ങി നിരവധി കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ കൊണ്ടുവന്ന് അങ്കണവാടി ജീവനക്കാരുടെമേല്‍ അമിത ജോലിഭാരം അടിച്ചേല്‍പിക്കുന്നുവെന്നാണ് അങ്കണവാടി വര്‍ക്കേഴ്‌സ് ആന്‍ഡ് ഹെല്‍പ്പേഴ്‌സ് അസോസിയേഷന്റെ ആരോപണം. അമിത ജോലി അടിച്ചേല്‍പിക്കുന്നു എന്നല്ലാതെ അധിക വേതനം നല്‍കുന്നില്ലെന്നും അങ്കണവാടി വര്‍ക്കേഴ്‌സ് ആന്‍ഡ് ഹെല്‍പ്പേഴ്‌സ് അസോസിയേഷന്‍ കുറ്റപ്പെടുത്തുന്നു.

കഴിഞ്ഞ രണ്ടു വര്‍ഷമായി കേന്ദ്രഫണ്ടുകള്‍ നല്‍കുന്നില്ല. ഇന്‍സന്റീവ്, റ്റി.എ, സിബി ബില്ലുകള്‍, വൈദ്യുതി, ഗ്യാസ്, വാട്ടര്‍ ചാര്‍ജ് ഇവക്കൊന്നും ഫണ്ട് അനുവദിക്കുന്നില്ലെന്നും ആരോപണമുണ്ട്. ഒരു അങ്കണവാടി വര്‍ക്കറിന് ലഭിക്കുന്ന 13,000 രൂപയില്‍ 4500 രൂപ മാത്രമാണ് കേന്ദ്ര വിഹിതം. 6300 രൂപ കേരള സര്‍ക്കാരും 2200 രൂപ പഞ്ചായത്തുകളുമാണ് നല്കുന്നത്. 9000 രൂപ ലഭിക്കുന്ന ഹെല്‍പ്പര്‍മാര്‍ക്ക് 2250 രൂപ കേന്ദ്ര സര്‍ക്കാരും 5300 കേരള സര്‍ക്കാരും 1450 രൂപ പഞ്ചായത്തുകളുമാണ് നല്‍കുന്നത്. തുച്ഛമായ വേതനം കൈപ്പറ്റുന്ന ജീവനക്കാരെ കൊണ്ട് പകലെന്നോ രാത്രിയെന്നോ ഇല്ലാതെ ജോലി ചെയ്യിപ്പിക്കുന്ന കേന്ദ്രനയത്തിന് എതിരായാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

ചിറയിന്‍കീഴ് ഐ.സി.ഡി.എസ് ആഫീസിനു മുന്നില്‍ നടന്ന പ്രതിഷേധ ധര്‍ണ്ണ സി.ഐ.ടി.യു ഏര്യാ ജോ. സെക്രട്ടറി പി.മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. സിന്ധു പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ജി.വ്യാസന്‍, സി.അജിത തുടങ്ങിയവര്‍ സംസാരിച്ചു .മാമം ഐ.സി.ഡി.എസ് ആഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ്ണ സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എം.മുരളി, ആര്‍.അനിത, കെ.ഷൈലജ, റ്റി.സുവര്‍ണ്ണ, റ്റി.രജനി എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *