

വര്‍ക്കല: വര്‍ക്കല മൈതാനത്ത് റോഡ് സൈഡിലെ വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍. വെള്ളക്കെട്ടുള്ള പ്രദേശത്ത് വാഴനട്ടാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. മഴക്കാലത്ത് വര്‍ക്കല ഇടവ-കാപ്പില്‍ ഭാഗത്തേക്ക് പോകാനുള്ള ബസ് സ്റ്റോപ്പിന് മുന്നിലെ റോഡിന്റെ ഇരുവശത്തും വെള്ളക്കെട്ടാണ്. ഈ വെള്ളക്കെട്ട് കാരണം വഴിയാത്രക്കാര്‍ക്കും റോഡിന് വശങ്ങളില് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും വളരെയേറെ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നുണ്ട്. വലുതും ചെറുതുമായ നൂറുകണക്കിന് വാഹനങ്ങള്‍ നിരന്തരം കടന്നുപോകുന്ന റോഡിന് ഇരുവശത്തും വെള്ളക്കെട്ട് രൂപപ്പെട്ടിട്ട് നാളുകള്‍ ഏറെയായി.



വര്‍ക്കല നഗരസഭ ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമൊക്കെ ഈ വെള്ളക്കെട്ടിന് നടുവിലൂടെ നിരവധി തവണ കടന്നുപോയിട്ടുള്ളതാണ്. എന്നിട്ടും നാളിതുവരെ ഈ വെള്ളക്കെട്ടിന് പരിഹാരമായിട്ടില്ല. മഴക്കാലമായാല്‍ ഇതുവഴി കന്നുപോകുന്ന വഴിയാത്രക്കാരുടെ ദേഹത്ത് ചെളിതെറിക്കുന്നത് നിത്യസംഭവമാണ്. വാഹനങ്ങള്‍ വെള്ളക്കെട്ടിലൂടെ ചീറിപ്പായുമ്പോള്‍ വഴിയാത്രക്കാരുടെ മുഖത്തേക്കുപോലും ചെളിവെള്ളം തെറിച്ച് വീഴുന്നുന്നുണ്ട്. സമീപത്തുള്ള കടകളിലേക്കും വെള്ളം അടിച്ചുകേറ്റിക്കൊണ്ടാണ് വെള്ളക്കെട്ടിലൂടെ വാഹനങ്ങള്‍ കടന്നുപോകുന്നത്. ഉത്തരവാദിത്തപ്പെട്ടവര്‍ ഈ വെള്ളക്കെട്ടും അതുകാരണം ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും കണ്ടില്ലെന്ന് നടിക്കുകയാണ്. അധികാരി വര്‍ഗ്ഗത്തിന്റെ ഈ അലംഭാവത്തിനെതിരെയാണ് നാട്ടുകാര്‍ ഇവിടെ വാഴ വച്ച് പ്രതിഷേധിച്ചത്.


