Breaking News

ബാങ്ക് അക്കൗണ്ടുകള്‍ വാടകയയ്ക്ക്; പുതിയ കെണിയുമായി സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍

തിരുവനന്തപുരം: ബാങ്ക് അക്കൗണ്ടുകള്‍ വാടകയ്ക്ക് എടുക്കുന്ന പുതിയ തട്ടിപ്പ് രീതിയുമായി സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍. യുവതീ-യുവാക്കളുടെ ബാങ്ക് അക്കൗണ്ടുകളാണ് ഇവര്‍ ലക്ഷ്യമിടുന്നത്. സാമൂഹ്യ മാധ്യമങ്ങളില്‍ പാര്‍ട്ട് ടൈം/ഓണ്‍ലൈന്‍ ജോലികള്‍ തിരയുന്ന യുവതീ-യുവാക്കളെയും വിദ്യാര്‍ത്ഥികളെയും ഇത്തരം തട്ടിപ്പ് സംഘങ്ങള്‍ കെണിയിലാക്കുന്നതായി കേരള പോലീസ് വ്യക്തമാക്കുന്നു. സ്വന്തമായി ബാങ്ക് അക്കൗണ്ടും ഗൂഗിള്‍ പേ അക്കൗണ്ടും ഉള്ള തൊഴില്‍ അന്വേഷകരെ തെരഞ്ഞുപിടിച്ച് തട്ടിപ്പ് സംഘങ്ങള്‍ ജോലി നല്‍കുന്നു.

തങ്ങളുടെ അക്കൗണ്ടുകളിലേക്ക് വരുന്ന പണം ഒരു ലക്ഷം രൂപ കടക്കുമ്പോള്‍ കമ്മീഷന്‍ തുക എടുത്തശേഷം തട്ടിപ്പുകാര്‍ ആവശ്യപ്പെടുന്ന അക്കൗണ്ടിലേക്ക് ട്രാന്‍സ്പര്‍ ചെയ്യുക എന്നതാണ് ജോലി ഏറ്റെടുക്കുന്നവര്‍ ചെയ്യേണ്ടത്. ഇതിനായി ഉയര്‍ന്ന കമ്മീഷനും തട്ടിപ്പുകാര്‍ വാഗ്ദാനം ചെയ്യുന്നു. ചുരുക്കത്തില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ ബാങ്ക് അക്കൗണ്ട് സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ വാടകയ്ക്ക് എടുക്കുകയാണ് ചെയ്യുന്നത്. സാമ്പത്തിക കുറ്റകൃത്യങ്ങളിലൂടെ ലഭിക്കുന്ന പണമാണ് തങ്ങളുടെ അക്കൗണ്ടുകളില്‍ വരുന്നതെന്ന് ഈ ജോലി ഏറ്റെടുത്ത് ചെയ്യുന്നവര്‍ അറിയുന്നുപോലുമില്ല.

സാമ്പത്തിക കുറ്റകൃത്യങ്ങളെ കുറിച്ച് ബോധവാന്മാരല്ലാത്ത വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ തങ്ങള്‍ അറിയാതെ സാമ്പത്തിക തട്ടിപ്പ് സംഘത്തിലെ അംഗമായി മാറുകയാണ് ഇതിലൂടെ ചെയ്യുന്നത്. ഇത്തരം തട്ടിപ്പ് സംഘങ്ങളുടെ കെണിയില്‍ വീഴാതിരിക്കാന്‍ വിദ്യാര്‍ത്ഥികളും യുവതീ-യുവാക്കളും രക്ഷിതാക്കളും അധ്യാപകരുമുള്‍പ്പെടെ പൊതുസമൂഹം ഒന്നാകെ ജാഗ്രത പുലര്‍ത്തണമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കുന്നു. നമ്മുടെ അക്കൗണ്ടിലൂടെ പണം കൈമാറ്റം നടത്തുന്നതിന് അപരിചിതരായ ആരെയും അനുവദിക്കരുത്. ഇത്തരം ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പുകള്‍ ശ്രദ്ധയിപ്പെട്ടാല്‍ ഉടന്‍ തന്നെ വിവരം 1930 ല്‍ അറിയിക്കാനും പോലീസ് നിര്‍ദേശിക്കുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *