Breaking News

ഭാര്യയെ തീ കൊളുത്തി കൊന്ന കേസില്‍ ഭര്‍ത്താവിന് ഇരട്ട ജീവപര്യന്തവും പിഴയും

കല്ലമ്പലം: ഭാര്യയെ തീ കൊളുത്തി കൊന്ന കേസില്‍ ഭര്‍ത്താവിന് ഇരട്ട ജീവപര്യന്തം തടവും 9 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് തിരുവനന്തപുരം അഡിഷണല്‍ സെഷന്‍സ് കോടതി. നഗരൂര്‍, വെള്ളല്ലൂര്‍ ചരുവിള വീട്ടില്‍ കുഞ്ഞുപിള്ള മകന്‍ അട്ടപ്പന്‍ എന്ന് വിളിക്കുന്ന അജിയെയാണ് കോടതി ശിക്ഷിച്ചത്. ഭാര്യയായ അമ്പിളിയെ അജി ദേഹത്ത് പെട്രോള്‍ ഒഴിച്ച ശേഷം തീ കൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. 2017 ഫെബ്രുവരി 10നായിരുന്നു സംഭവം. മാനസികവും ശാരീരികവുമായ പീഡനം കാരണം അജിയുമായി അകന്ന് കഴിയുകയായിരുന്നു ഭാര്യ അമ്പിളി. കൂട്ടുകാരിയുടെ വീട്ടിലായിരുന്നു അമ്പിളി മക്കളോടൊപ്പം താമസിച്ചിരുന്നത്.

സംഭവം നടന്ന ദിവസം അജി അമ്പിളി താമസിച്ചിരുന്ന വീട്ടിലെത്തി തന്നോടൊപ്പം വരാന്‍ അമ്പിളിയെ നിര്‍ബന്ധിച്ചു. കൂടെ ചെയ്യാന്‍ അമ്പിളി വിസമ്മതിച്ചതോടെ അജി അടുത്ത വീട്ടിന്റെ മുറ്റത്തു വച്ചിരുന്ന ബൈക്കില്‍ നിന്നും പെട്രോള്‍ ഊറ്റി അമ്പിളിയുടെ ദേഹത്ത് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ അമ്പിളിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചികിത്സയിലിരിക്കെ അഞ്ചാം ദിവസം അമ്പിളി മരണത്തിന് കീഴടങ്ങുകയായിരുന്നു.

ഐ.പി.സി 302, 324, 449 വകുപ്പുകള്‍ പ്രകാരം കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രതിക്ക് ഐ.പി.സി 302 പ്രകാരം കൊലപാതകത്തിന് ജീവപര്യന്തം കഠിനതടവും 8 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കില്‍ പ്രതി 2 വര്‍ഷം തടവ് കൂടി അനുഭവിക്കണമെന്നും ശിക്ഷാവിധിയില്‍ പറയുന്നു. ഐ.പി.സി 449 പ്രകാരം വീട്ടില്‍ അതിക്രമിച്ചു കടന്നതിന് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും പ്രതി അനുഭവിക്കണം. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷത്തെ തടവുകൂടി പ്രതി അനുഭവിക്കേണ്ടി വരും. പ്രോസീക്യൂഷന് വേണ്ടി അഡ്വ.കെ.വേണി ഹാജരായി.

കല്ലമ്പലം എസ്.ഐ ആയിരുന്ന ബി.കെ.അരുണ്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ വര്‍ക്കല സി.ഐയുടെ ചുമതയുണ്ടായിരുന്ന കടയ്ക്കാവൂര്‍ സി.ഐ മുകേഷ്.ജി.ബി ആണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്. വര്‍ക്കല സി.ഐ ആയിരുന്ന ബി.എസ്.സജിമോനാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രതിക്കുവേണ്ടി അഡ്വ.ആര്‍.കവിത ഹാജരായി. പിഴത്തുക മരണപെട്ട അമ്പിളിയുടെ രണ്ടു മക്കള്‍ക്കും തുല്യമായി വീതിക്കുവാനും കോടതി വിധിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *