Breaking News

മത്സ്യത്തൊഴിലാളികളെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ ചെന്നൈയില്‍നിന്ന് വര്‍ക്കല പോലീസ് പിടികൂടി

വര്‍ക്കല: വര്‍ക്കല താഴേവെട്ടൂരില്‍ മത്സ്യത്തൊഴിലാളികളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രധാന പ്രതിയെ വര്‍ക്കല പോലീസ് പിടികൂടി. വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച പ്രതിയെ ചെന്നൈ വിമാനത്താവളത്തില്‍ നിന്നാണ് പിടികൂടിയത്. വര്‍ക്കല താഴെവെട്ടൂര്‍ നൈസാം ലാന്‍ഡില്‍ നൈസാം(36) ആണ് ഇന്നലെ ചെന്നൈ എയര്‍പോര്‍ട്ടില്‍ നിന്നും വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പിടിയിലായത്. കൊലപാതകശ്രമത്തിന്റെ പ്രധാന ആസൂത്രകനാണ് ഇപ്പോള്‍ പിടിയിലായ നൈസാം. കേസിലെ മൂന്നാം പ്രതിയാണ് ഇയാള്‍. ഇതോടെ മത്സ്യത്തൊഴിലാളികളെ ആക്രമിച്ച കേസിലെ അഞ്ചു പ്രതികളും പോലീസിന്റെ പിടിയിലായി. നൈസാം കാറുമായി ചിറയിന്‍കീഴ് എത്തുകയും ശാര്‍ക്കര ദേവീക്ഷേത്ര പറമ്പില്‍ വാഹനം ഉപേക്ഷിച്ച ശേഷം ചെന്നൈയിലേക്ക് കടക്കുകയായിരുന്നു. അവിടെനിന്ന് വിദേശത്തേക്ക് കടക്കാനായിരുന്നു പ്രതിയുടെ പദ്ധതി.

തന്ത്രപരമായ നീക്കത്തിലൂടെയാണ് വര്‍ക്കല പോലീസ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ നീക്കങ്ങള്‍ മനസ്സിലാക്കിയ പോലീസ് സംഘം ചെന്നൈ വിമാനത്താവളത്തില്‍ എത്തി പ്രതിയെ പിടികൂടുകയായിരുന്നു. ചെന്നൈയില്‍ നിന്നും പ്രതിയെ ഇന്ന് രാവിലെ 9 മണിയോടുകൂടി വര്‍ക്കല പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. വര്‍ക്കല എസ്.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ വാഹനം ഉപേക്ഷിച്ച ചിറയിന്‍കീഴ് ശാര്‍ക്കര ദേവി ക്ഷേത്ര പറമ്പിലെത്തിച്ച് വാഹനം കണ്ടെടുത്തു. കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം 7 മണിയോടെയാണ് പ്രതികള്‍ മാരകായുധങ്ങളുമായി കാറില്‍ എത്തി മത്സ്യത്തൊഴിലാളികളായ ഷംനാദ്, അല്‍ അമീന്‍, നൗഷാദ് എന്നിവരെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കൂട്ടുപ്രതികളായ യൂസഫ്, ജവാദ്, നിസ്സാമുദ്ദീന്‍, ജഹാസ് എന്നിവരെ കഴിഞ്ഞ ദിവസം പോലീസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *