

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കെതിരെ പി.വി.അന്‍വര്‍ എം.എല്‍.എ നല്കിയ പരാതി പുറത്ത്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് നല്കിയ പരാതിയാണ് പുറത്തുവന്നിരിക്കുന്നത്. പരാതിയില്‍ പി.ശശിക്കെതിരെ അന്‍വര്‍ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. വലിയ കച്ചവടക്കാര്‍ തമ്മിലുള്ള സാമ്പത്തിക തര്‍ക്കത്തില്‍ ഒരു കക്ഷിക്കൊപ്പം നിന്ന് പി.ശശി കമ്മീഷന് വാങ്ങുന്നു, ചില കേസുകളില്‍ ഇരുകക്ഷികള്ക്കൊപ്പം മധ്യസ്ഥനായി നിന്ന് കേസ് ഒത്തുതീര്‍പ്പാക്കി കമ്മീഷന് വാങ്ങുന്നു, മുഖ്യമന്ത്രിയുടെ ഓഫിസില്‍ പരാതികളുമായി എത്തുന്ന സ്ത്രീകളുടെ ഫോണ്‍ നമ്പറുകള്‍ പി.ശശി വാങ്ങി വയ്ക്കുന്നു, കേസന്വേഷണം എങ്ങനെ പോകുന്നുവെന്ന് അവരോട് പ്രത്യേകം അന്വേഷിക്കുന്നു എന്നിങ്ങനെയാണ് പരാതിയില്‍ പറയുന്നത്.




പി.ശശിയുടെ ശൃംഗാര ഭാവത്തിലുള്ള സംസാരം കാരണം അദ്ദേഹത്തിന്റെ ഫോണ്‍ കോളുകള്‍ അറ്റന്‍ഡ് ചെയ്യാത്ത പരാതിക്കാരിവരെയുണ്ടെന്നും അന്‍വര്‍ പരാതിയില്‍ പറയുന്നുണ്ട്. പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി.ശശി തുടര്‍ന്നാല്‍ താങ്ങാനാകാത്ത മാനക്കേടും നാണക്കേടും അധികം വൈകാതെ തന്നെ പാര്‍ട്ടിയും മുഖ്യമന്ത്രിയും നേരിടേണ്ടി വരും. ഒരു സഖാവെന്ന നിലയ്ക്ക് ഉത്തമ ബോധ്യത്തോടെയാണ് പാര്‍ട്ടിയെ ഇക്കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നതെന്നും അന്‍വര്‍ പരാതിയില്‍ പറയുന്നു. ഓണ്‍ലൈന്‍ സ്ഥാപന ഉടമ പ്രതിയായ കേസ് ഒതുക്കി തീര്‍ക്കാന്‍ എ.ഡി.ജി.പി അജിത് കുമാര്‍ രണ്ട് കോടിരൂപ കൈക്കൂലി വാങ്ങി. ഒരു കോടിരൂപ യൂറോ ആയി എ.ഡി.ജി.പിയുടെ വിദേശത്തുള്ള സുഹൃത്തിനു കൈമാറി. പൊളിറ്റിക്കല്‍ സെക്രട്ടറിയെ ഇക്കാര്യം അറിയിച്ചിട്ടും നടപടിയെടുത്തില്ല. സോളര്‍ കേസ് അട്ടിമറിക്കാന്‍ പൊളിറ്റിക്കല്‍ സെക്രട്ടറി ഇടപെട്ടോയെന്ന് പരിശോധിക്കണമെന്നും അന്‍വര്‍ പരാതിയില്‍ പറയുന്നു.



