Breaking News

ഗുരുദേവന്റെ മഹാസമാധി വാര്‍ഷികം; ശിവഗിരിയില്‍ മഹാസമാധി സമ്മേളനവും ഉപവാസയജ്ഞവും നടന്നു

വര്‍ക്കല/ശിവഗിരി: ശ്രീനാരായണ ഗുരുദേവന്റെ 97-ാമത് മഹാസമാധി വാര്‍ഷികത്തോടനുബന്ധിച്ച് ശിവഗിരിയില്‍ മഹാസമാധി സമ്മേളനവും ഉപവാസ യജ്ഞവും നടന്നു. മഹാസമാധി സമ്മേളനവും ഉപവാസ യജ്ഞവും റെവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. അധസ്ഥിതനും അടിയാളനും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായ ഒരു ജനതയെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ട് വരികയും ഈശ്വരാരാധനയുടെ ശരിയായ അര്‍ത്ഥം അവര്‍ക്ക് ബോധ്യപ്പെടുത്തി കൊടുക്കുകയും ചെയ്ത മഹദ് വ്യക്തിത്വമാണ് ഗുരുദേവനെന്ന് മന്ത്രി കെ.രാജന്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ജനാധിപത്യമെന്നാല്‍ ഭൂരിപക്ഷത്തിന്റെ അഭിപ്രായത്തിന് മാത്രം പരിഗണന നല്‍കുകയെന്നല്ല, ഭൂരിപക്ഷവും ന്യൂനപക്ഷവും ഉള്‍പ്പെട്ട സകലരുടെയും അഭിപ്രായത്തിന് വിലകല്‍പിക്കുകയെന്ന മഹത്തായ ആശയം പകര്‍ന്നുതന്ന വ്യക്തിത്വമാണ് ഗുരുദേവനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബ്രഹ്‌മശ്രീ സച്ചിദാനന്ദ സ്വാമികളുടെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ ശുഭാംഗാനന്ദ സ്വാമികള്‍ സ്വാഗതം പറഞ്ഞു. ശശി തരൂര്‍ എം.പി മുഖ്യപ്രഭാഷണം നടത്തി. കേരളത്തില്‍ നിലനിന്നിരുന്ന ജാതി ചിന്തകളും അതിന്റെ ഭാഗമായുണ്ടായിരുന്ന തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയുമൊക്കെ മനസിലാക്കി സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയമെന്ന് വിളിച്ച കേരളത്തെ നവോത്ഥാന ചിന്തകളിലൂടെയും ദര്‍ശനങ്ങളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും വിളക്കിയെടുക്കാന്‍ ശ്രീനാരായണ ഗുരുദേവന്‍ വഹിച്ച പങ്ക് വളരെ വലുതാണെന്ന് ശശി തരൂര്‍ എം.പി പറഞ്ഞു. ശ്രീമദ് ശാരദാനന്ദ സ്വാമികള്‍, ശ്രീമദ് സൂക്ഷ്മാനന്ദ സ്വാമികള്‍ എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. അഡ്വ.വി.ജോയി എം.എല്‍.എ, വര്‍ക്കല നഗരസഭാ ചെയര്‍മാന്‍ കെ.എം.ലാജി, മുന്‍ എം.എല്‍.എ വര്‍ക്കല കഹാര്‍, വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സ്മിത സുന്ദരേശന്‍, ജി.ഡി.പി.എസ് ചീഫ് കോര്‍ഡിനേറ്റര്‍ സത്യന്‍ പന്തത്തല എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. പ്രോഗ്രാം കമ്മിറ്റി സെക്രട്ടറി ശ്രീമദ് അസംഗാനന്ദഗിരി സ്വാമികള്‍ കൃതജ്ഞത രേഖപ്പെടുത്തി.

ഉച്ചയ്ക്ക് 2 മണിക്ക് ശിവഗിരി മഠത്തിലെ സന്ന്യാസിവര്യന്മാര്‍ നയിക്കുന്ന ഹോമയജ്ഞം നടക്കും. 3 ന് ശ്രീ ശാരദാമഠത്തില്‍നിന്നും മഹാസമാധി പീഠത്തിലേക്ക് കലശപ്രദക്ഷിണ യാത്ര. മഹാസമാധി സമയമായ 3.30ന് മഹാസമാധി പൂജ, കലശാഭിഷേകം, സമൂഹപ്രാര്‍ത്ഥന, ഉപവാസ യജ്ഞം സമാപനം എന്നിവയും 4 മണിക്ക് അന്നദാനവും ഉണ്ടായിരിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *