Breaking News

ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനം; സ്ത്രീ അധികാരമേറ്റാല്‍ ലോകം അവസാനിക്കില്ലെന്ന് പാര്‍വതി തിരുവോത്ത്

കൊച്ചി: ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്തേക്ക് സ്ത്രീ അധികാരമേറ്റാല്‍ ലോകം അവസാനിക്കില്ലെന്ന് പാര്‍വതി തിരുവോത്ത്. ബീന പോളിനെ തഴഞ്ഞ് ഷാജി എന്‍. കരുണിനെ ഈ സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ നീക്കങ്ങള്‍ നടക്കുന്നുണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണ് പാര്‍വതി ഇക്കാര്യത്തില്‍ പ്രതികരണം നടത്തിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു പാര്‍വതിയുടെ പ്രതികരണം. ”ഇത്രയും മഹാമനസ്‌കതയുടെയൊന്നും ആവശ്യമില്ലായിരിക്കും സര്‍. ഒരുപക്ഷേ, ഈ സ്ഥാനത്തേക്കു വരാന്‍ എല്ലാ യോഗ്യതയുമുള്ള വ്യക്തി തന്നെ ആ സ്ഥാനത്തേക്ക് എത്തുന്നുവെന്ന് നിങ്ങള്‍ക്ക് ഉറപ്പുവരുത്താനും കഴിയും. ഒരു സ്ത്രീ ചുമതലയേറ്റെടുത്തു എന്നു കരുതി ലോകം അവസാനിക്കില്ല. ബീന പോള്‍ ഫോര്‍ ചലച്ചിത്ര അക്കാദമി ചെയര്‍പഴ്‌സന്‍”-പാര്‍വതി ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.

ചലച്ചിത്ര അക്കാദമി അധ്യക്ഷനായിരുന്ന സംവിധായകന്‍ രഞ്ജിത് ലൈംഗികാതിക്രമ പരാതികളെത്തുടര്‍ന്ന് രാജിവച്ചതോടെ പകരം ബീന പോളിന്റെ പേരാണ് ഉയര്‍ന്നുവന്നത്. ഡിസംബറില്‍ രാജ്യാന്തര ചലച്ചിത്ര മേള നടത്തേണ്ട സാഹചര്യത്തില്‍ ഉടന്‍തന്നെ പകരം അധ്യക്ഷനെ നിയമിക്കേണ്ടതുണ്ട്. സിനിമാ മോഖലയിലെ നിലവിലെ സാഹചര്യത്തില്‍ ഒരു സ്ത്രീ അക്കാദമിയുടെ അധ്യക്ഷ പദവിയില്‍ വരണമെന്ന് അഭിപ്രായം ഉയര്‍ന്നിരുന്നു. അതോടെയാണ്, ഐ.എഫ്.എഫ്.കെ ഡയറക്ടര്‍ എന്ന നിലയില്‍ ഏറെക്കാലത്തെ അനുഭവസമ്പത്തുള്ള ബീന പോളിന്റെ പേര് സജീവ ചര്‍ച്ചയായത്. ഡബ്ല്യു.സി.സി സ്ഥാപകാംഗങ്ങളില്‍ ഒരാളാണ് ബീന പോള്‍.

അതേസമയം, ബീന പോളിനെ അവഗണിച്ച് നിലവില്‍ ചലച്ചിത്ര വികസന കോര്‍പറേഷന്‍ അധ്യക്ഷനായ ഷാജി.എന്‍.കരുണിനെ അധ്യക്ഷനാക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നതായും സൂചനകളുണ്ട്. ഇതിനിടെ, സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ തയാറാണെന്ന് ഷാജി.എന്‍.കരുണും പ്രതികരിച്ചിരുന്നു. ഷാജി.എം.കരുണ്‍ ചലച്ചിത്ര അക്കാദമി നേതൃസ്ഥാനം ഏറ്റെടുക്കാന്‍ തയാറാണെന്നു പറയുന്ന വാര്‍ത്ത പങ്കുവച്ചുകൊണ്ടാണ് ഇക്കാര്യത്തില്‍ പാര്‍വതി തിരുവോത്തിന്റെ പ്രതികരണം വന്നിരിക്കുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *