Breaking News

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം; കടുത്ത രോക്ഷം പ്രകടിപ്പിച്ച് രാഷ്ട്രപതി

ഡല്‍ഹി: രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ കടുത്ത രോക്ഷം പ്രകടിപ്പിച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മു. സ്ത്രീകളെ ഉപഭോഗ വസ്തുക്കളായി കാണുന്നതും സ്ത്രീകളുടെ ഉയര്‍ച്ച തടയുന്നത് അനുവദിക്കില്ലെന്നും രാഷ്ട്രപതി പറഞ്ഞു. ഒരു വാര്‍ത്താ ചാനലിന് നല്‍കിയ ലേഖനത്തിലാണ് കൊല്‍ക്കത്തയിലെ ഡോക്ടറുടെ കൊലപാതകവും രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സ്ത്രീ വിരുദ്ധ നിലപാടുകള്‍ക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചത്. സ്ത്രീകളെ കഴിവില്ലാത്തവരായി കാണുന്ന പ്രവണത അവസാനിപ്പിക്കണം. സ്ത്രീകളോട് മോശമായ രീതിയില്‍ പെരുമാറുന്നതും അവരെ ഇകഴ്ത്തിക്കാട്ടുന്നതും അംഗീകരിക്കാനാവില്ലെന്നും രാഷ്ട്രപതി ലേഖനത്തില്‍ വ്യക്തമാക്കുന്നു.

രാഷ്ട്രപതിയുടെ ലേഖനത്തില്‍ പറയുന്ന കാര്യങ്ങള്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് കത്തിനില്‍ക്കുന്ന കേരളവും വനിതാ ഡോക്ടറുടെ കൊലപാതകത്തെ തുടര്‍ന്ന് പ്രതിഷേധാഗ്നി ഉയരുന്ന ബംഗാളും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കാലിക പ്രസക്തിയുള്ളതാവുകയാണ്. കൊല്‍ക്കത്ത സംഭവത്തില്‍ കടുത്ത രോക്ഷമാണ് രാഷ്ട്രപതിയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. അതേസമയം, വനിതാ ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച ബംഗാളില്‍ ബി.ജെ.പി നടത്തിയ ബന്ദില്‍ അക്രമസംഭവങ്ങള്‍ ഉണ്ടായി.

പീഡന കേസിലെ പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പാക്കുന്ന ബില്‍ അടുത്തയാഴ്ച നിയമസഭ പാസ്സാക്കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വ്യക്തമാക്കി. ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധം കനക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. 10 ദിവസത്തിനകം ശിക്ഷ ഉറപ്പാക്കുന്ന രീതിയില്‍ നിയമ ഭേദഗതി ചെയ്യുമെന്നാണ് മമത ബാനര്‍ജി അറിയിച്ചിരിക്കുന്നത്. പാസാക്കുന്ന ബില്‍ ഗവര്‍ണര്‍ക്ക് അയക്കും. ഗവര്‍ണര്‍ ഒപ്പിട്ടില്ലെങ്കില്‍ രാജ്ഭവന് മുന്നില്‍ താന്‍ കുത്തിയിരിക്കുമെന്നും മമത അറിയിച്ചു. കൊല്‍ക്കത്തയിലെ റാലിയിലായിരുന്നു മമത ബാനര്‍ജിയുടെ പ്രഖ്യാപനം.

Related posts

Leave a Reply

Your email address will not be published. Required fields are marked *