Breaking News

രാജ്യം സ്വാതന്ത്ര്യദിനാഘോഷ നിറവില്‍; പ്രധാനമന്ത്രി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി

ദില്ലി: രാജ്യം 78-ാമത് സ്വാതന്ത്രദിനാഘോഷ നിറവില്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി. രാവിലെ 7 മണിയോടെ രാജ്ഘട്ടിലെത്തിയ പ്രധാനമന്ത്രി ഗാന്ധി സ്മൃതിയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് ചെങ്കോട്ടയില്‍ എത്തിയത്. സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗസ്മരണകള്‍ അനുസ്മരിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്. സ്വാതന്ത്ര്യത്തിനായി പോരാടിയവരുടെ പുണ്യ സ്മരണക്ക് മുന്‍പില്‍ ആദരം അര്‍പ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

കര്‍ഷകരും ജവാന്മാരുമെല്ലാം രാഷ്ട്ര നിര്‍മ്മാണത്തിലെ പങ്കാളികളാണ്. അധിനിവേശ ശക്തികള്‍ക്കെതിരെ നാം നീണ്ടകാലത്തെ പോരാട്ടമാണ് നടത്തിയത്. വളരെയേറെ ത്യാഗം സഹിച്ചാണ് നാം സ്വാതന്ത്ര്യം നേടിയെടുത്തത്. 2047-ല്‍ നാം വികസിത ഭാരതമെന്ന ലക്ഷ്യം കൈവരിച്ചിരിക്കും. അതിനായി ഓരോ പൗരന്റെയും പരിശ്രമം വേണമെന്നും ഓരോ പൗരന്റെയും സ്വപ്‌നം അതില്‍ പ്രതിഫലിക്കണം-നരേന്ദ്ര മോദി പറഞ്ഞു. പ്രകൃതി ദുരന്തങ്ങളില്‍ ജീവന്‍ പൊലിഞ്ഞവരെ വേദനയോടെ സ്മരിക്കുന്നുവെന്നും രാജ്യം അവര്‍ക്കൊപ്പം നില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിശിഷ്ട ഭാരത് 2047 എന്ന പ്രമേയം അടിസ്ഥാനമാക്കിയാണ് ഈ വര്‍ഷത്തെ ആഘോഷം. കര്‍ഷകര്‍, സ്ത്രീകള്‍ ഗോത്രവിഭാഗത്തില്‍ നിന്നുള്ളവരടക്കം ആറായിരം പേരാണ് ഇത്തവണ ചടങ്ങുകളില്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തത്. വിവിധ സംസ്ഥാനങ്ങളിലെ രണ്ടായിരത്തോളം കലാകാരന്മാരും ചെങ്കോട്ടയില്‍ പരിപാടികള്‍ അവതരിപ്പിച്ചു. പാരീസ് ഒളിംപിക്‌സില്‍ പങ്കെടുത്ത ഇന്ത്യന്‍ സംഘവും ആഘോഷങ്ങളുടെ ഭാഗമായി. അതേസമയം, ആഘോഷങ്ങള്‍ കണക്കിലെടുത്ത് ദില്ലിയിലെ തന്ത്രപ്രധാന മേഖലകളെല്ലാം സുരക്ഷാ വലയത്തിലാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *