

തിരുവനന്തപുരം: കരകുളം ഗ്രാമപഞ്ചായത്തില്‍ പുതിയ ഇലക്ട്രിക് ബസ് സര്‍വീസ് ആരംഭിച്ചു. പുതിയ സര്‍വീസുകളുടെ ഫ്ളാഗ് ഓഫ് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍ നിര്‍വഹിച്ചു. ഇതോടെ കരകുളം ഗ്രാമപഞ്ചായത്തിലെ കരകുളം, മുല്ലശേരി, വേങ്കോട്, മുളമുക്ക് പ്രദേശങ്ങളിലെ യാത്രാക്ലേശത്തിന് പരിഹാരമാകുകയാണ്. രണ്ട് ഇലക്ട്രിക് ബസ് സര്‍വീസുകളാണ് ഈ പ്രദേശങ്ങളിലേക്ക് പുതുതായി ആരംഭിച്ചത്. ഘട്ടം ഘട്ടമായി കൂടുതല്‍ റൂട്ടുകളിലേക്ക് ബസ് സര്‍വീസുകള്‍ ഉണ്ടാകുമെന്നും രാത്രികാലങ്ങളിലുള്‍പ്പെടെയുള്ള യാത്രാക്ലേശത്തിന് കാലതാമസമില്ലാതെ പരിഹാരമാകുമെന്നും മന്ത്രി പറഞ്ഞു.



മുല്ലശേരി-പേഴുംമൂട്-കിഴക്കേകോട്ട റൂട്ടില്‍ രാവിലെ 8.05ന് പേരൂര്‍ക്കടയില്‍ നിന്നാണ് സര്‍വീസ് ആരംഭിക്കുന്നത്. മുല്ലശേരി-നമ്പാട്, പേഴുംമൂട്-വട്ടപ്പാറ-മണ്ണന്തല-പട്ടം വഴി കിഴക്കേകോട്ടയില്‍ എത്തും. 9.50ന് കിഴക്കേകോട്ടയില്‍ നിന്ന് ഇതേ റൂട്ടിലും പകല്‍ 11.50, 2.40 സമയങ്ങളില്‍ കിഴക്കേകോട്ട-പട്ടം-മണ്ണന്തല-വട്ടപ്പാറ-കണക്കോട് റൂട്ടിലും ബസ് സര്‍വീസ് ഉണ്ടാകും. വൈകിട്ട് 5.20ന് കിഴക്കേകോട്ട-പട്ടം-മണ്ണന്തല-വട്ടപ്പാറ-പേഴുംമൂട്-മുല്ലശേരി-പേരൂര്‍ക്കട വഴി കിഴക്കേകോട്ടയിലേക്കും രാത്രി 7.20ന് കിഴക്കേകോട്ട-പട്ടം-മണ്ണന്തല-മുക്കോല-കുടപ്പനക്കുന്ന് വഴി പേരൂര്‍ക്കടയിലേക്കും ബസ് എത്തിച്ചേരും. രണ്ടാമത്തെ ബസ് സര്‍വീസ് പേരൂര്‍ക്കട-വേങ്കോട്-കിഴക്കേകോട്ട റൂട്ടിലാണ്. കരകുളം ഗ്രാമപഞ്ചായാത്തിനേയും നെടുമങ്ങാട് മുനിസിപ്പാലിറ്റിയേയും ബന്ധപ്പെടുത്തി ഒരു ദിവസം 11 സര്‍വീസുകളാണ് ഉള്ളത്.


മുല്ലശേരി-പേഴുംമൂട് -കിഴക്കേകോട്ട ബസ് റൂട്ട് ഉദ്ഘാടനത്തിനൊപ്പം കുരിശടി-നമ്പാട്-കുഴിക്കോണം-കരയാളത്തുകോണം റോഡിന്റെ നിര്‍മാണോദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. എം.എല്‍.എ ഫണ്ടില്‍ നിന്നും അനുവദിച്ച 15 ലക്ഷം ഉള്‍പ്പെടെ, 70 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നവീകരിക്കുന്നത്. കല്ലയം കുരിശടി ജംങ്ഷന്‍, വേങ്കോട് ജംങ്ഷന്‍ എന്നിവിടങ്ങളില്‍ നടന്ന ഫ്ളാഗ് ഓഫ് ചടങ്ങില്‍ കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലേഖാറാണി അധ്യക്ഷയായിരുന്നു.

