Breaking News

ലോണ്‍ ശരിയാക്കി നല്‍കാമെന്ന് വാഗ്ദാനം ചെയത് ലക്ഷങ്ങള്‍ തട്ടിച്ചു; പ്രതി അറസ്റ്റില്‍

ആറ്റിങ്ങല്‍: ലോണ്‍ ശരിയാക്കി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ പ്രതി അറസ്റ്റില്‍. തിരുവനന്തപുരം കാട്ടാക്കട ഉറിയക്കോട് പെരുങ്കുളം സ്‌നേഹാലയത്തില്‍ ബാലസിന്റെ മകന്‍ അലക്‌സാണ്ടര്‍ ബാലസ് ആണ് അറസ്റ്റിലായത്. തട്ടിപ്പിരയായ ആറ്റിങ്ങല്‍ മൂന്നുമുക്ക് സണ്‍ ആഡിറ്റോറിയത്തിന് സമീപം നൂര്‍ മഹലില്‍ മുംതാസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആറ്റിങ്ങല്‍ പോലീസ് പ്രതിക്കെതിരെ കേസെടുത്തത്. തുടര്‍ന്ന് ഇയാളുടെ വാഗ്ദാനങ്ങളില്‍ വീണ് തട്ടിപ്പിനിരയായ നിരവധി പേര്‍ പോലീസിനെ സമീപിക്കുകയായിരുന്നു. 8,81,000 രൂപയാണ് ഇവരില്‍നിന്ന് പ്രതി തട്ടിയെടുത്തത്.

ബാങ്ക് ലോണ്‍ ശരിയാക്കിത്തരാമെന്നും കെ.എസ്.എഫ്.ഇയിലെ മുടക്കച്ചിട്ടി പിടിച്ചുതരാമെന്നുമൊക്കെ വാഗ്ദാനം ചെയ്തായിരുന്നു പ്രതി തട്ടിപ്പ് നടത്തിയത്. മുംതാസിനെ കൂടാതെ മാമം സ്വദേശി ദീപ, ശ്രീറാം, വിജയകുമാരി, സനല്‍കുമാര്‍ എന്നിവരും തട്ടിപ്പിനിരയായി. മുംതാസ്, ദീപ എന്നിവരില്‍നിന്ന് രണ്ടര ലക്ഷത്തോളം രൂപ തട്ടിയെടുത്ത പ്രതി ശ്രീറാമിന്റെ കയ്യില്‍നിന്ന് 1,60,000രൂപയും വിജയകുമാരിയില്‍നിന്ന് 71,000രൂപയും സനല്‍കുമാറില്‍നിന്ന് 1,50,000രൂപയും തട്ടിയെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *