

പത്തനംതിട്ട: കൈക്കൂലി കേസില്‍ വര്‍ക്കല സ്വദേശി അസി.എഞ്ചിനീയര്‍ പത്തനംതിട്ടയില്‍ അറസ്റ്റില്‍. പത്തനംതിട്ട വെച്ചൂച്ചിറ പഞ്ചായത്ത് അസി.എഞ്ചിനീയര്‍ വിജി വിജയനാണ് അറസ്റ്റിലായത്. പഞ്ചായത്തിലെ കുളം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് 37,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഇവരെ വിജിലന്‍സ് സംഘം പിടികൂടുകയായിരുന്നു. സംഭവത്തില്‍ വിജിലന്‍സ് കേസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട് വര്‍ക്കലയിലുള്ള പ്രതിയുടെ വീട്ടില്‍ വിജിലന്‍സ് സംഘം പരിശോധന നടത്തി. ചിറയിന്‍കീഴില്‍ പണി നടക്കുന്ന വീടിന്റെ സാമ്പത്തിക സ്രോതസ് ഉള്‍പ്പെടെ വിജിലന്‍സ് അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കുളം നവീകരണത്തിന് ഒമ്പതര ലക്ഷം രൂപ നേരത്തേ നല്‍കിയിരുന്നു. അന്ന് കൈക്കൂലി ആവശ്യപ്പെട്ടിരുന്നെങ്കിലും കരാറുകാരന്‍ നല്‍കിയിരുന്നില്ല. തുടര്‍ന്ന് അന്തിമബില്ലായ 12.5 ലക്ഷം രൂപ നല്‍കണമെങ്കില്‍ ആദ്യ ബില്ലിന്റെ കൈക്കൂലിയും ചേര്‍ത്ത് ഒരു ലക്ഷം രൂപ വേണമെന്ന് പ്രതി ആവശ്യപ്പെട്ടു. തുക കുറക്കണമെന്ന് പല പ്രാവശ്യം പ്രതിയോട് അഭ്യര്‍ഥിച്ചതോടെ തിങ്കളാഴ്ച 50,000 രൂപ തന്നാല്‍ മതിയെന്ന് അറിയിച്ചു. കരാറുകാരന്‍ അപ്പോള്‍തന്നെ കൈവശമുണ്ടായിരുന്ന 13,000 രൂപ കൈമാറി. ബാക്കി 37,000 രൂപയുമായി ബുധനാഴ്ച ഓഫിസിലെത്താന്‍ പ്രതി കരാറുകാരനോട് നിര്‍ദേശിച്ചു. ഈ വിവരം കരാറുകാരന്‍ വിജിലന്‍സിനെ അറിയിച്ചതോടെ ബുധനാഴ്ച ഓഫിസിലെത്തി പണം കൈമാറുന്നതിനിടെ വിജിലന്‍സ് സംഘം പ്രതിയെ പിടികൂടുകയായിരുന്നു.


പ്രതി ഇതിന് മുമ്പ് മറ്റ് പല കരാറുകാരില്‍നിന്നും കൈക്കൂലി വാങ്ങിയതായി സംശയിക്കുന്നതായും വിജിലന്‍സ് പറയുന്നു. പഞ്ചായത്ത് ഭരണസമിതി തന്നെ ഇവര്‍ക്കെതിരെ മാസങ്ങള്‍ക്ക് മുമ്പ് പഞ്ചായത്ത് ചീഫ് എഞ്ചിനീയര്‍ക്കും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിക്കും പരാതി നല്‍കിയിരുന്നു. പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ ഇവര്‍ സ്വീകരിച്ച നിരുത്തരവാദപരമായ നടപടികളും അതുവഴി പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സംഭവിച്ച വീഴ്ചകളുമാണ് ഇവര്‍ക്കെതിരെ പരാതി നല്‍കാന്‍ പ്രേരിപ്പിച്ചതെന്ന് പഞ്ചായത്ത് അംഗങ്ങള്‍തന്നെ പറയുന്നു. പ്രതി ഇപ്പോള്‍ റിമാന്‍ഡിലാണ്.

