

ആറ്റിങ്ങല്‍: വയനാട് ദുരിതബാധിതരെ സഹായിക്കുന്നതിനായി ഏഴാം ക്ലാസുകാരി സ്വര്‍ണ്ണ കമ്മല്‍ ഊരി നല്കി. തോന്നയ്ക്കല്‍ ബ്ലൂ മൗണ്ട് സ്കൂളിലെ വിദ്യാര്‍ത്ഥിനിയായ ഹന്ന തടത്തിലാണ് കമ്മല്‍ ഊരി ക്ലാസ് ടീച്ചര്‍ ശ്രീലക്ക് കൈമാറിയത്. ആറ്റിങ്ങല്‍ കോരാണി തടത്തില്‍ വീട്ടില്‍ കബീര്‍ തടത്തില്‍-സബിത ദമ്പതികളുടെ മകളാണ് ഹന്ന. പിതാവ് കബീര്‍ തടത്തില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാവാണ്. വയനാട് ദുരന്ത മേഖലയിലെ അവസ്ഥകള്‍ വാര്‍ത്തകളിലൂടെ കണ്ടറിഞ്ഞ ഹന്ന ദുരിതബാധിതരെ സഹായിക്കണമെന്ന് രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് രക്ഷിതാക്കളുടെ പിന്തുണയോടെയാണ് ഹന്ന തന്റെ സ്വര്‍ണക്കമ്മല്‍ ദുരിതാശ്വാസത്തിന് നല്കാന് തീരുമാനിച്ചത്. സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡല്‍സി ജോസഫ്, വൈസ് പ്രിന്‍സിപ്പല്‍ ഷെറിന് സാഹിനി, അധ്യാപിക ചിന്നു എന്നിവരുടെ സാന്നിധ്യത്തിലാണ് ഹന്ന കമ്മല്‍ ഊരി ക്ലാസ് ടീച്ചര്‍ ശ്രീലക്ക് നല്‍കിയത്.





