

ആറ്റിങ്ങല്‍: ആറ്റിങ്ങലില്‍ മുക്കുപണ്ടം പണയംവച്ച് പണം തട്ടിയെടുത്ത യുവതി അറസ്റ്റില്‍. മണമ്പൂര്‍ തൊട്ടിക്കല്‍ ലക്ഷംവീട്ടില്‍ റസീന ബീവി(45)യെയാണ് ആറ്റിങ്ങല്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷമാണ് പ്രതി തട്ടിപ്പ് നടത്തി പണം തട്ടിയെടുത്തത്. ആറ്റിങ്ങല്‍ കച്ചേരി ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഫിനാന്‍സ് സ്ഥാപനത്തില്‍നിന്ന് മൂന്ന് മുക്കുപണ്ട വളകള്‍ പണയം വെച്ച് 1,20,000 രൂപയാണ് പ്രതി തട്ടിയെടുത്തത്. വ്യാജ തിരിച്ചറിയല്‍ രേഖ നല്‍കിയാണ് പ്രതി തട്ടിപ്പ് നടത്തിയത്. ആറ്റിങ്ങല്‍, കടയ്ക്കാവൂര്‍, ചിറയിന്‍കീഴ്, കല്ലമ്പലം എന്നീ പോലീസ് സ്റ്റേഷനുകളിലായി മുപ്പതോളം കേസുകള്‍ പ്രതിക്കെതിരെ നിലവിലുണ്ട്.


പ്രതിയുള്‍പ്പെട്ട തട്ടിപ്പ് സംഘം പാറശാല സ്വദേശിയുമായി ചേര്‍ന്നാണ് മുക്കുപണ്ടങ്ങള്‍ നിര്‍മ്മിച്ചിരുന്നത്. ആറ്റിങ്ങല്‍ ഐ.എസ്.എച്ച്.ഒ ഗോപകുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ രാമ ജിഷ്ണു, സജിത്ത്, എ.എസ്.ഐ സഫീജ, എസ്.സി.പി.ഒമാരായ ശരത് കുമാര്‍, പ്രകാശ്, വിഷ്ണു ലാല്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.


